Flash News

കര്‍ണാടക ബിജെപിയില്‍ ഗ്രൂപ്പ് യുദ്ധം മൂര്‍ച്ഛിച്ചു



ബംഗളൂരു: കര്‍ണാടക ബിജെപിയില്‍ ഗ്രൂപ്പ് യുദ്ധം മൂര്‍ച്ഛിച്ചിരിക്കെ നാല് നേതാക്കളെ എല്ലാ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദ്ര നേതൃത്വം ഒഴിവാക്കി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയുടെയും മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പയുടെയും ഗ്രൂപ്പില്‍ പെട്ട രണ്ട് ഭാരവാഹികളെ വീതമാണ് തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും കര്‍ണാടകത്തിന്റെ ചുമതലയുമുള്ള മുരളീധര്‍ റാവു പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തത്.ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ഭാനുപ്രകാശ്, നിര്‍മല്‍ കുമാര്‍ സുറാന, റായ്ത്ത മോര്‍ച്ച,  എം പി രേണുകാചാര്യ, വക്താവ് ജി മധുസൂദനന്‍ എന്നിവരെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയത്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ വി രവികുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.സംഘടനയെ രക്ഷിക്കാന്‍ ഈശ്വരപ്പ ഏപ്രില്‍ 27ന് കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടിയതോടെയാണ് ബിജെപിയില്‍ വിഭാഗീയത ശക്തി പ്രാപിച്ചത്. യെദ്യൂരപ്പ ക്യാംപിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടായിരുന്നു ഈശ്വരപ്പ യോഗം വിളിച്ചത്. ഭാനുപ്രകാശും നിര്‍മല്‍കുമാര്‍ സുറാനയും ഈശ്വരപ്പ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെതിരേ യെദ്യൂരപ്പയോട് കൂറ് പുലര്‍ത്തുന്ന രേണുകാചാര്യയും ജി മധുസൂദനനും പരസ്യ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈശ്വരപ്പയുടെ കണ്‍വന്‍ഷന്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനമാണെന്നാരോപിച്ച യെദ്യൂരപ്പയും സന്തോഷിനെ വിമര്‍ശിച്ചിരുന്നു. പഴയ നേതാക്കളെ ഒഴിവാക്കി പാര്‍ട്ടി ഭാരവാഹികളെ യെദ്യൂരപ്പ നിയമിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക ബിജെപിയില്‍ അസ്വാരസ്യം തുടങ്ങിയത്. യെദ്യൂരപ്പയുടെ ഏകാധിപത്യ ശൈലിക്കെതിരേ പാര്‍ട്ടിയില്‍ മറുപക്ഷം സംഘടിച്ചതോടെ ഗ്രൂപ്പ് യുദ്ധം രൂക്ഷമായി. അടുത്ത വര്‍ഷമാദ്യം കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് ഭരണം തിരിച്ചുപിടിക്കാന്‍ ഗ്രൂപ്പ് വഴക്ക് തടസ്സമാവുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it