Flash News

കര്‍ണാടക, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ രാഹുലെത്തും ; ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഇന്നു തുടക്കം



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഞ്ചുദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനം ഇന്നു തുടങ്ങും. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാവും രാഹുല്‍ സന്ദര്‍ശനം നടത്തുക. ബഹുജന റാലി, നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള പരിപാടികളാണ് നാലു സംസ്ഥാനങ്ങളിലും രാഹുലിനുള്ളത്. പാര്‍ട്ടിയെ ഈ സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ സംസ്ഥാനത്തെ ഒരുക്കങ്ങളും രാഹുല്‍ അവലോകനം ചെയ്യും. ഇന്നു ഹൈദരാബാദിനു സമീപത്തെ സന്‍ഗരറെഡ്ഡിയില്‍ റാലിയെ അഭിസംബോധന ചെയ്യുന്നതോടെ സന്ദര്‍ശനത്തിന് തുടക്കമാവും. നാളെ തെലങ്കാനയിലെ വിവിധ പാര്‍ട്ടി പരിപാടികളില്‍ സംബന്ധിക്കും. ശനിയാഴ്ച ചെന്നൈയില്‍ നടക്കുന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ ജന്‍മദിനാഘോഷ പരിപാടികളിലും പങ്കെടുക്കും. രാജ്യത്തെ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളെല്ലാം പങ്കെടുക്കുന്ന പരിപാടിക്കു വന്‍ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ചെന്നൈ വൈഎംസിഎ മൈതാനിയിലാണ് ജന്‍മദിനാഘോഷ പരിപാടികള്‍ പ്രധാനമായും നടക്കുന്നതെങ്കിലും ചെന്നൈയിലെ ഹോട്ടല്‍ ലീലാ പാലസിലാവും പ്രതിപക്ഷനേതാക്കള്‍ സംഗമിക്കുക. ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥി സംബന്ധിച്ചു സുപ്രധാന തീരുമാനവും ഉണ്ടായേക്കും. ദേശീയ രാഷ്ട്രീയത്തിലെ വിവിധ വിഷയങ്ങളും പ്രതിപക്ഷനേതാക്കളുടെ ചര്‍ച്ചയ്ക്കു വരും. ഞായറാഴ്ച ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഹുലും ഇടതുനേതാക്കളും പങ്കെടുക്കുന്ന സംയുക്ത റാലിയും ഉണ്ടാവും. റാലിയില്‍ ഏഴു പ്രതിപക്ഷകക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും.കോണ്‍ഗ്രസ് ഭരണത്തിലുള്ള വലിയ സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയിലെ ഭരണത്തുടര്‍ച്ചയാണ് രാഹുല്‍ ലക്ഷ്യം വയ്ക്കുന്ന മറ്റൊന്ന്. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനാണ് കര്‍ണാടകയുടെ ചുമതലയുള്ളത്. ബ്ലോക്ക് തലത്തിലുള്ള നേതാക്കള്‍ മതല്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ യോഗം തിങ്കളാഴ്ച വേണുഗോപാല്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it