kannur local

കര്‍ണാടക തിരഞ്ഞെടുപ്പ്; കുടകില്‍ ത്രികോണ മല്‍സരം

സാദിഖ് ഉളിയില്‍

മടിക്കേരി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്നുദിവസം മാത്രം ശേഷിക്കെ കുടകില്‍ ചിത്രം തെളിയുന്നു. കുടക് ജില്ലയിലെ മണ്ഡലങ്ങളായ വീരാജ്‌പേട്ടയിലും മടിക്കേരിയിലും ത്രികോണ മല്‍സരം നടക്കുമെന്നുറപ്പായി. ബിജെപിയും കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും തമ്മിലാണ് പ്രധാന മല്‍സരം. സിറ്റിങ് എംഎല്‍എമാരായ കെ ജി ബൊപ്പയ്യയെയും അപ്പാച്ചു രഞ്ചനെയുമാണ് കളത്തിലിറക്കുന്നത്. ജെഡിഎസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വീരാജ്‌പേട്ടയില്‍ മുന്‍ എംഎല്‍സി അരുണ്‍ മാച്ചയ്യയെ സ്ഥാനാര്‍ഥിയായി പ്രഖ്യപിച്ചു. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
മടിക്കേരിയില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ചന്ദ്രമോളിയാണ് പിസിസിയുടെ അന്തിമപട്ടികയില്‍ ഇടംപിടിച്ചിരുന്നുന്നതെങ്കിലും എതിരാളികള്‍ ഉയര്‍ത്തുന്ന വ്യക്തിപരമായ ആരോപണങ്ങള്‍ ഹൈക്കമാന്റ് മുഖവിലക്കെടുത്തതായാണ് വിവരം. അവസാന ഘട്ടത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് നാപ്പണ്ണ മുത്തപ്പയെ മല്‍സരിപ്പിച്ചേക്കും. വീരാജ്‌പേട്ടയില്‍ സിറ്റിങ് എംഎല്‍എ കെ ജി ബൊപ്പയ്യക്കെതിരേ ബിജെപിയില്‍ ശക്തമായ പടയൊരുക്കം ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ ബൊപ്പയ്യയുടെ പേര് തന്നെ കേന്ദ്രനേതൃത്വം അംഗീകരിക്കുകയായിരുന്നു.
മടിക്കേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ അപ്പാച്ചുരഞ്ചനും, വീരാജ്‌േേപട്ടയില്‍ ജെഡിഎസിലെ സങ്കേശ്പൂവയ്യയും പത്രിക സമര്‍പ്പിച്ചു. മടിക്കേരിയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി മുന്‍മന്ത്രി ജി വിജയയെ പ്രഖ്യാപിച്ചു. വീരാജ്‌പേട്ട മിനി വിധാന്‍ സൗധത്തില്‍ പ്രകടനവുമായി എത്തിയാണ് സങ്കേശ് പൂവയ്യ വരണാധികാരി ഗോവിന്ദരാജ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. അപ്പാച്ചു രഞ്ചന്‍ മടിക്കേരി കലക്ടറേറ്റില്‍ വരണാധികാരി കൊനറെഡ്ഡി മുമ്പാകെയും പത്രിക നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീരാജ്‌പേട്ടയില്‍ കെ ജി ബൊപ്പയ്യ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി ടി പ്രദീപിനെ 3414 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. മടിക്കേരി മണ്ഡലത്തില്‍ അപ്പാച്ചുരഞ്ചന്‍ ജെഡിഎസിലെ ജി വിജയയെ 4629 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി.
ഇത്തവണ ഏതുവിധേനയും ഇരുസീറ്റുകളും പിടിച്ചെടുക്കാനുള്ള ശക്തമായ പ്രവര്‍ത്തങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. മലയാളി വോട്ടുകള്‍ ഏറെയുള്ള നിയോജക മണ്ഡലമായതിനാല്‍ കുടകില്‍ ചിത്രം വ്യക്തമാവുന്നതോടെ കേരളത്തില്‍നിന്ന് പാര്‍ട്ടി നേതാക്കള്‍ ഇവിടെ പ്രചാരണത്തിനായി എത്തിച്ചേരും. മെയ് 12നാണ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it