Flash News

കര്‍ണാടക തിരഞ്ഞെടുപ്പ്ബിജെപിക്കു വേണ്ടി ബിബിസിയുടെ പേരില്‍ വ്യാജ സര്‍വേ

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് വ്യാജ സര്‍വേ. ബിബിസി ന്യൂസിന്റെ ലോഗോയോടു കൂടിയാണ് ജന്‍താ കി ബാത്ത് എന്ന പേരിലുള്ള അഭിപ്രായ വോട്ടെടുപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഘപരിവാര അനുകൂല ഫേസ്ബുക്ക് പേജുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 225 അംഗ അസംബ്ലിയില്‍ ബിജെപിക്ക് 135 സീറ്റ് കിട്ടുമെന്നാണു സര്‍വേ പ്രചരിക്കുന്നത്. ജനതാദള്‍ എസിന് 45 സീറ്റും കോണ്‍ഗ്രസ്സിന് 35 സീറ്റും മറ്റുള്ളവര്‍ക്ക് 19 സീറ്റും കിട്ടുമെന്നും സര്‍വേയില്‍ പറയുന്നു.
എന്നാല്‍, അങ്ങനെയൊരു സര്‍വേ നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി ബിബിസി തന്നെ രംഗത്തെത്തി. 'ബിബിസിയില്‍ നിന്ന് എന്ന വ്യാജേന ഒരു വ്യാജ സര്‍വേഫലം കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇത് ബിബിസിയില്‍നിന്നുള്ളതല്ലെന്നും പൂര്‍ണമായി വ്യാജമാണെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.' ബിബിസി ട്വിറ്ററില്‍ വ്യക്തമാക്കി. ജന്‍താ കി ബാത്ത് എന്ന പേരില്‍ ഒരു സംഘടന ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
രസകരമായ കാര്യം വ്യാജ സര്‍വേ തട്ടിക്കൂട്ടുന്നതിനിടയില്‍ ബിജെപി അനുകൂലികള്‍ സീറ്റിന്റെ എണ്ണം കണക്കുകൂട്ടാന്‍ മറന്നുപോയി എന്നതാണ്.  ആകെ 224 സീറ്റാണ് കര്‍ണാടക നിയസഭയില്‍ ഉള്ളത്. എന്നാല്‍, സര്‍വേപ്രകാരം പ്രവചിക്കുന്ന സീറ്റുകളുടെ എണ്ണം കൂട്ടിയാല്‍ 234 (135+45+35+19) വരും. അതേസമയം, ജന്‍കി ബാത്ത് എന്ന പേരില്‍ റിപബ്ലിക് ടിവിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഒരു സര്‍വേ നടത്തിയിരുന്നു. ഇതില്‍ ബിജെപിക്ക് 102 മുതല്‍ 108 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന് 72-74 സീറ്റും ജെഡിഎസിന് 42-44 സീറ്റും സര്‍വേ പ്രവചിക്കുന്നു.
ജനാഭിപ്രായത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ പാര്‍ട്ടികള്‍ അഭിപ്രായവോട്ടെടുപ്പുകള്‍ തട്ടിക്കൂട്ടുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതിനകം പ്രധാനമായും ടൈസ് നൗ-വിഎംആര്‍, എബിപി-സിഎസ്ഡിഎസ്, ഇന്ത്യ ടുഡേ- കാര്‍വി എന്നിവരാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്തിയത്. ഇവയെല്ലാം തൂക്കുസഭയാണു പ്രവചിക്കുന്നത്. അതേസമയം, സീ ഫോര്‍ സര്‍വേ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു.
Next Story

RELATED STORIES

Share it