Flash News

കര്‍ണാടക: ജെഡിഎസ്- കോണ്‍ഗ്രസ് തര്‍ക്കം

ബംഗളൂരു: അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് കര്‍ണാടകയില്‍ ജെഡിഎസും കോണ്‍ഗ്രസ്സും സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വകുപ്പ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ധനകാര്യത്തെ ചൊല്ലി ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്. അതേസമയം, പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രി കുമാരസ്വാമി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സഖ്യ സര്‍ക്കാരുകളില്‍ നാളിതുവരെ ചെറു പാര്‍ട്ടികളാണ് ധനകാര്യം കൈയടക്കിവച്ചതെന്നു കുമാരസ്വാമി ചൂണ്ടിക്കാട്ടിയെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിലും ധാരയിലെത്താന്‍ സാധിച്ചിട്ടില്ല. സുപ്രധാന വകുപ്പുകളില്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ് മുന്നോട്ടുവന്നതോടെ ജെഡിഎസ് മേധാവി എച്ച് ഡി ദേവഗൗഡയുമായി കൂടിയാലോചിക്കാന്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കുമാരസ്വാമി. അതേസമയം, കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെങ്കില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനെതിരേ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. ‘
അതിനിടെ കാര്‍ഷിക കടം എഴുതിത്തള്ളുന്നതു ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നു കര്‍ഷകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ജി പരമേശ്വരയും യോഗത്തില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പയെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി കുമാരസ്വാമി ഇന്നലെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഐ എസ് എന്‍ പ്രസാദ് തുടങ്ങിയ പ്രമുഖരുമായി ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it