കര്‍ണാടക: ജെഡിഎസിന് ധനകാര്യം; കോണ്‍ഗ്രസ്സിന് ആഭ്യന്തരം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ധനകാര്യ വകുപ്പ് ജെഡിഎസിന് നല്‍കാന്‍ ധാരണ. കോണ്‍ഗ്രസ്സിന് ആഭ്യന്തര വകുപ്പ് ലഭിക്കും. കോണ്‍ഗ്രസ്സും ജെഡിഎസ്സും തമ്മില്‍ നടത്തിയ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു പ്രധാന വകുപ്പുകളുടെ വിഭജനത്തില്‍ ധാരണയായതെന്നു പാര്‍ട്ടികളിലെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ചയ്ക്കു ശേഷം സഖ്യകക്ഷികള്‍ തമ്മില്‍ അഞ്ചുതവണ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വകുപ്പ് വിഭജനം സംബന്ധിച്ച് സഖ്യകക്ഷി നേതാക്കളുമായി ഫോണ്‍ വഴി ചര്‍ച്ച നടത്തി. സോണിയാഗാന്ധിയുടെ വൈദ്യപരിശോധനയ്ക്കാണു രാഹുല്‍ അവരോടൊപ്പം അമേരിക്കയിലേക്കു പോയത്. മറ്റു വകുപ്പുകളുടെ വിഭജനം അന്തിമഘട്ടത്തിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും അവര്‍ പറഞ്ഞു.
വകുപ്പ് വിഭജനം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാവുന്നതിനു മുമ്പ് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ബംഗളൂരുവിലേക്കു യാത്ര തിരിക്കും. ജെഡിഎസ് നേതാവ് ഡാലിസ് അലിയും ബംഗളൂരുവിലെത്തുന്നുണ്ട്.
പ്രധാന വകുപ്പുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മന്ത്രിസഭാ രൂപീകരണം വൈകാന്‍ അതു കാരണമായി.
Next Story

RELATED STORIES

Share it