കര്‍ണാടക: ചില പ്രശ്‌നങ്ങള്‍ഉണ്ടെന്ന് കുമാരസ്വാമി

ന്യൂഡല്‍ഹി/ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ, കോണ്‍ഗ്രസ്സിന് വകുപ്പുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനെ വീഴ്ത്തുന്ന പ്രശ്‌നമല്ല അതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി കിട്ടിയാല്‍ മന്ത്രിസഭ വികസിപ്പിക്കും. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി കസേരയിലിരിക്കില്ല. നേതാക്കളെ കാണാന്‍ താന്‍ ഡല്‍ഹിക്ക് പോവുന്നില്ല-കുമാരസ്വാമി പറഞ്ഞു.
അതേസമയം മന്ത്രിസഭ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ചനടത്തുന്നതിന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി. ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ജി പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരടങ്ങുന്ന നേതാക്കളാണ് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്. അവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും യുപിഎ അധ്യക്ഷ സോണിയഗാന്ധിയുമായും ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.
മന്ത്രിസഭാ വികസനത്തെക്കുറിച്ചും ആര്‍ക്ക് മുന്‍ഗണന നല്‍കണമെന്നതിനെക്കുറിച്ചുമെല്ലാം ഡല്‍ഹി ചര്‍ച്ചയില്‍ തീരുമാനമാവുമെന്ന് സിദ്ധരാമയ്യ ഡല്‍ഹിക്കു പുറപ്പെടുംമുമ്പ് ബംഗളൂരു വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.കുമാരസ്വാമി വിശ്വാസ വോട്ടില്‍ വെള്ളിയാഴ്ച ജയിച്ച ശേഷം മന്ത്രിസഭാ വികസനം സംബന്ധിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭാ വികസനം സംബന്ധിച്ച് നേതാക്കള്‍ ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ ശനിയാഴ്ചയും ചര്‍ച്ച നടത്തിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കുമാരസ്വാമി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, പരമേശ്വര, കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ ഇന്നലെ യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സിന് 22 മന്ത്രിമാരും ജെഡിഎസിന് 12 മന്ത്രിമാരുമായിരിക്കും ഉണ്ടായിരിക്കുകയെന്ന് നേരത്തെ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡി കെ ശിവകുമാര്‍ തനിക്ക് ഉപമുഖ്യമന്ത്രി പദവി ലഭിക്കാത്തതില്‍ അസ്വസ്ഥനാണെന്ന് റിപോര്‍ട്ടുകളുണ്ട്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷപദവി പരമേശ്വര ഒഴിയുമെന്നാണ് സൂചന. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇരുകക്ഷികളും ചേര്‍ന്ന് ഏകോപനസമിതി രൂപീകരിക്കുന്നതു സംബന്ധിച്ചും ഡല്‍ഹിയില്‍ ചര്‍ച്ച നടക്കും.
Next Story

RELATED STORIES

Share it