Flash News

കര്‍ണാടകയില്‍ വിശ്വാസവോട്ട് ഇന്ന് ; എംഎല്‍എമാര്‍ ഇപ്പോഴും ഹോട്ടലില്‍

ബംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. പ്രതിപക്ഷ എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമം ബിജെപി ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്തതിനാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് ജനപ്രതിനിധികള്‍ ഇപ്പോഴും ബംഗളൂരുവിലെ ആഡംബര റിസോര്‍ട്ടിലും ഹോട്ടലിലുമായി തുടരുകയാണ്.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദോല്‍മൂറിലെ ഹില്‍ട്ടണ്‍ എംബസി ഗോള്‍ഫ് ലിങ്ക്‌സിലും ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരു നഗരത്തിന് പുറത്തുള്ള പ്രസ്റ്റീജ് ഗോള്‍ഫ്‌ഷെയര്‍ റിസോര്‍ട്ടിലുമാണ് കഴിയുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെ, കഴിഞ്ഞ ഒമ്പതു ദിവസമായി ഇവര്‍ക്ക് കുടുംബവുമായി ഒത്തുചേരാനായിട്ടില്ല. വിശ്വാസവോട്ട് കഴിയുന്നതു വരെ അവര്‍ ഇവിടെ തുടരുമെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്ന ആരോപണം അവര്‍ നിഷേധിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.15ന് നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനുശേഷമായിരിക്കും വിശ്വാസ വോട്ടെടുപ്പ്. അതേസമയം, ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് എസ് സുരേഷ് കുമാര്‍ പത്രിക സമര്‍പ്പിച്ചു. നിയമസഭയില്‍ എച്ച് ഡി കുമാരസ്വാമി ഇന്നു വിശ്വാസവോട്ട് തേടുന്ന സാഹചര്യത്തില്‍ ബിജെപിയുടെ ശക്തിപ്രകടനത്തിനു വേണ്ടി കൂടിയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്.
അഞ്ചുതവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സുരേഷ് കുമാര്‍ വിധാന്‍ സൗധയിലെത്തി നിയമസഭാ സെക്രട്ടറി എസ് മൂര്‍ത്തിക്കാണ് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ മുന്‍ നിയമസഭാ സ്പീക്കര്‍ രമേശ് കുമാറാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. നിയമസഭയില്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് കുമാരസ്വാമിപക്ഷം അവകാശപ്പെടുന്നത്.
വിജയിക്കുമോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പ് 12.15നാണെന്നും അതിനുശേഷം ഫലം അറിയാമെന്നുമായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. 104 എംഎല്‍എമാരാണ് നിലവില്‍ ബിജെപിക്ക് നിയമസഭയിലുള്ളത്. മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത വേദി ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം വിളിച്ചോതുന്നതായിരുന്നു. മൂന്നു ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്നശേഷം വിശ്വാസവോട്ട് തേടാതെ ബി എസ് യെദ്യൂരപ്പ കര്‍ണാടകയില്‍ രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ വാജുബായി വാല എച്ച് ഡി കുമാരസ്വാമിയെ മന്ത്രിസഭാ രൂപീകരണത്തിനായി ക്ഷണിച്ചത്.
Next Story

RELATED STORIES

Share it