കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി; ആരോപണങ്ങളുമായി ഭരണപക്ഷം; പരാതികളുമായി പ്രതിപക്ഷം

ബംഗളൂരു: കര്‍ണാടകയില്‍ ആരോപണങ്ങളും ആഹ്വാനങ്ങളുമായി ഭരണപക്ഷം, പരാതികളുമായി പ്രതിപക്ഷം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നു മുഖ്യമന്ത്രി കുമാരസ്വാമിയും സഖ്യക്ഷിയായ കോണ്‍ഗ്രസ്സും ആരോപിച്ചതോടെ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയും ആരോപണങ്ങളും പരാതികളുമായി രംഗത്തെത്തി. ബിജെപി എംഎല്‍എമാരെ ചാക്കിട്ടു പിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനായി പണവും പാരിതോഷികങ്ങളും വന്‍തോതില്‍ വാഗ്ദാനം ചെയ്യുകയാണെന്നും ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. ഇതുസംബന്ധിച്ചു സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടികള്‍ എടുക്കണമെന്നാണു പരാതിയില്‍ പറയുന്നത്. എന്നാല്‍ ബിജെപിയെക്കുറിച്ച് കള്ളങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും മുഖ്യമന്ത്രി ജനങ്ങളോട് സായുധസമരത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ സംസാരിച്ചത് രാജ്യദ്രോഹക്കുറ്റമാണെന്നും ആരോപിച്ച് പ്രതിപക്ഷം ഗവര്‍ണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി.
വിവിധ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സംസ്ഥാനം രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ വാക്‌പോരുകളുമായി ഇരുകക്ഷികളും രംഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്നതു തങ്ങളാണെന്നത് ഓര്‍ക്കണമെന്നും വേണ്ടി വന്നാല്‍ കുതിരക്കച്ചവടം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഭരിക്കുന്നത് തങ്ങളാണെന്നും തങ്ങളെ ഭയപ്പെടുത്തേണ്ടെന്നും യെദ്യൂരപ്പയും തിരിച്ചടിച്ചു. ബിജെപിയെ മറിച്ചിട്ട് അധികാരം നേടിയതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേതു പോലെ കേന്ദ്രഭരണസ്വാധീനം ഉപയോഗിച്ചു സംസ്ഥാനത്തു ബിജെപികള്ളക്കളികള്‍ നടത്തുകയാണെന്ന് ഘടകകക്ഷിയായ കോണ്‍ഗ്രസ്സും ആരോപിച്ചു.

Next Story

RELATED STORIES

Share it