kasaragod local

കര്‍ണാടകയില്‍ നിന്ന് വീണ്ടും മണല്‍ക്കടത്ത് ; പിടികൂടിയത് ആറു വാഹനങ്ങള്‍



കാസര്‍കോട്: കര്‍ണാടകയില്‍ നിന്നും ജില്ലയിലേക്കുള്ള മണല്‍ കടത്ത് ശക്തമായി. അടുത്തിടെ ജില്ലയില്‍ നടന്ന കൊലപാതക കേസുകളില്‍ പോലിസുകാര്‍ സജീവമായത് മണല്‍ കടത്തുകാര്‍ക്ക് അനുഗ്രഹമായി.  കര്‍ണാടകയില്‍ നിന്നും ദിവസം തോറും ലോഡ് കണക്കിന് മണലുകളാണ് ജില്ലയിലേക്കെത്തുന്നത്.കഴിഞ്ഞ ദിവസം മാത്രം പോലിസ് പിടികൂടിയത് ആറു ടോറസ് മണല്‍ വണ്ടികളാണ്. കര്‍ണാടകയില്‍ നിന്നും ദേശീയ പാതവഴിയാണ് ഈ വണ്ടികള്‍ മണല്‍ കൊണ്ടുവന്നതെന്ന്് പോലിസ് പറഞ്ഞു.  കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ കാസര്‍കോട്, ഉപ്പള, കുമ്പള ഭാഗങ്ങളിലുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് പോലിസ് ശ്രദ്ധ ആ വഴിക്കു തിരിഞ്ഞതോടെയാണ് മണല്‍ മാഫിയ മണല്‍ കടത്തു ശക്തമാക്കിയത്. കര്‍ണാടകയിലെ നേത്രാവതി പുഴയില്‍ നിന്നും അടക്കം വന്‍ തോതില്‍ മണലൂറ്റി  കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് കടത്തുന്നത്. കോഴിക്കോട്ടെത്തുമ്പോള്‍ ഒരു വലിയ ലോറി മണലിനു അരലക്ഷം രൂപയില്‍ മുകളിലാണ് ലഭിക്കുന്നത്. പോലിസ്, റവന്യു ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ചും ഇത്തരത്തില്‍ മണല്‍ കടത്തുന്നതായി സൂചനയുണ്ട്. രാത്രി പന്ത്രണ്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മണല്‍ കടത്തുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അടക്കം സംസ്ഥനത്ത് മണല്‍ ക്കടത്തിനെതിരെ ശക്തമായ നടപടി അധികൃതര്‍ സ്വീകരിച്ചതോടെയാണ് മാഫിയകള്‍ തങ്ങളുടെ താവളം കര്‍ണാടയിലേക്ക് മാറ്റിയത്. കര്‍ണാടകയില്‍ മണല്‍ എടുക്കുന്നതിന് നിബന്ധനകള്‍ ഒന്നും ഇല്ലാത്തത്  ഇവര്‍ക്ക് അനുഗ്രഹമാവുന്നു. കേരളത്തില്‍ മണലിന് അനുഭവപ്പെടുന്ന ദൗര്‍ലഭ്യം മുതലെടുത്താണ് ഇവര്‍ കരിഞ്ചന്തയില്‍ മണല്‍ വില്‍പന നടത്തുന്നത്. മണലിന് മോഹ വിലയാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്നത്. മണല്‍ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും കൊലപാതകങ്ങളും ജില്ലയിലെ സൈ്വര്യജീവിതം തന്നെ തകര്‍ക്കുന്നുണ്ട്.  മണലെടുപ്പിന് വന്‍ ക്വട്ടേഷന്‍ സംഘത്തിനെ ഏര്‍പ്പെടുത്തുന്നത് പോലിസിന് തന്നെ തലവേദനയായിട്ടുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും മണല്‍ കടത്തുകാര്‍ക്കുണ്ട്.
Next Story

RELATED STORIES

Share it