Flash News

കര്‍ണാടകയില്‍ നാളെ കലാശക്കൊട്ട്‌സോണിയയും പ്രചാരണത്തില്‍

പി സി  അബ്ദുല്ല

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ വൈകീട്ട് അവസാനിക്കും. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വോട്ടെണ്ണും. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കൂടി ഇന്നലെ എത്തിയതോടെ സംസ്ഥാനത്ത് പ്രചാരണം കൊഴുത്തു. രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് യുപിഎ അധ്യക്ഷ കര്‍ണാടകയിലെത്തിയത്. വടക്കന്‍ കര്‍ണാടകയിലെ വിജയപുരയിലാണ് സോണിയ എത്തിയത്. സോണിയയുടെ വരവിനെ നരേന്ദ്രമോദി പരിഹസിച്ചിരുന്നു.  മോദിക്ക് അതേ വേദിയില്‍ തന്നെ സോണിയ ഇന്നലെ മറുപടിയും പറഞ്ഞു.
സംസ്ഥാന നേതാക്കളെ മറികടന്ന് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും കേന്ദ്രനേതൃത്വം നേരിട്ടാണ് ഇക്കുറി കര്‍ണാടകയില്‍ പ്രചാരണം നയിച്ചത്. രാഹുല്‍ഗാന്ധി ഇതിനകം 30 മണ്ഡലങ്ങളില്‍ പ്രചാരണം നയിച്ചു.
ഫെബ്രുവരി 27 മുതല്‍ 15 ഇടങ്ങളിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നിശ്ചയിച്ചത്. എന്നാല്‍, പ്രചാരണത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതോടെ മോദിയുടെ പ്രചാരണം 21 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. തുടക്കത്തില്‍ വികസന വിഷയങ്ങള്‍ പറഞ്ഞ് പ്രചാരണം നയിച്ച മോദി പിന്നീട് ടിപ്പുസുല്‍ത്താന്‍ ജയന്തി ഉള്‍പ്പെടെയുള്ള വര്‍ഗീയപ്രചാരണങ്ങളിലൂന്നി.
തുടക്കം മുതല്‍ സംസ്ഥാനത്ത് ക്യാംപ്  ചെയ്താണ് അമിത്ഷായുടെ നീക്കങ്ങള്‍. ആദ്യഘട്ടങ്ങളില്‍ അവഹേളനം നേരിട്ട ലിംഗായത്ത് കേന്ദ്രങ്ങളില്‍ അവസാനഘട്ടം ബിജെപി അധ്യക്ഷന്‍ കേന്ദ്രീകരിച്ചത് ആരോപണങ്ങള്‍ക്കിടയാക്കി. വന്‍തോതില്‍ പണമെറിഞ്ഞ് ലിംഗായത്ത് മഠങ്ങളെ ഒപ്പം നിര്‍ത്താനാണു ശ്രമമെന്നാണ് ആക്ഷേപം.
കര്‍ണാടകയുടെ ചരിത്രത്തില്‍ ഏറ്റവും വീറുറ്റ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും രാജ്യത്തിന്റെയും ഗതി കര്‍ണാടകയില്‍നിന്ന് അറിയാമെന്നാണ് പൊതുവിലയിരുത്തല്‍. മൂന്നു സംസ്ഥാനങ്ങളില്‍ കൂടി നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും ജനാധിപത്യ ബദല്‍ പ്രസ്ഥാനങ്ങളും വര്‍ധിച്ച പ്രതീക്ഷയോടെയാണ് കര്‍ണാടക തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.  അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും സംഘപരിവാരത്തിനും 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള വലിയ കടമ്പയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. കര്‍ണാടകയില്‍ തിരിച്ചടി നേരിട്ടാല്‍ പ്രധാനമന്ത്രിക്കും ബിജെപി ദേശീയ അധ്യക്ഷനും നേരിടേണ്ടിവരുന്ന എതിര്‍പ്പ് ഇതുവരെ അവര്‍ നേരിടാത്തത്ര കടുത്തതാവും.
അവസാന നാളുകളില്‍ കടുത്ത ജാതീയതയും വര്‍ഗീയതയും മോദിയും അമിത്ഷായും പ്രചാരണായുധമാക്കിയത് അവരുടെ ആശങ്കയ്ക്കു തെളിവാണ്. താന്‍ പ്രധാനമന്ത്രിയാവാന്‍ യോഗ്യനാണെന്ന് ഇന്നലെ ആദ്യമായി ബംഗളൂരുവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ മനസ്സു തുറന്ന എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലം അതീവ നിര്‍ണായകമാണ്. രാഹുല്‍ ഗുജറാത്തില്‍ നേരിട്ടതിനേക്കാള്‍ വലിയ  അഗ്‌നിപരീക്ഷണമാണ് കര്‍ണാടകയില്‍ ഈ തിരഞ്ഞെടുപ്പില്‍ നേരിടുന്നത്. രാഹുലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തുടക്കംമുതലേ പ്രചാരണം നടന്നത്.
Next Story

RELATED STORIES

Share it