കര്‍ണാടകയില്‍ കോണ്‍ഗ്രസ് എസ്ഡിപിഐയുമായി കൂട്ടുകൂടി: അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്,  എസ്ഡിപിഐ, പിഎഫ്‌ഐ ഉള്‍െപ്പടെയുള്ള രാജ്യദ്രോഹ പക്ഷങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയിലെ ജനവിധി കോണ്‍ഗ്രസ്സിന് എതിരായിരുന്നെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെതിരായാണു വിധി എഴുതിയതെന്ന കാര്യത്തില്‍ സംശയമില്ല.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി മുന്നോട്ടു വന്നില്ലായിരുന്നെങ്കില്‍ അതു കര്‍ണാടകയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും എതിരാവുമായിരുന്നെന്നും ഇന്നലെ ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. കര്‍ണാടകയിലേതു സങ്കീര്‍ണമായ ഒരു ജനവിധി ആയിരുന്നില്ല. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഏഴു സീറ്റുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. ജനങ്ങള്‍ സംസ്ഥാനത്തു ബിജെപി ഭരണം ആഗ്രഹിച്ചപ്പോള്‍ കോണ്‍ഗ്രസ് ജെഡിഎസുമായി കൂട്ടുചേര്‍ന്ന് അവരെ ചതിക്കുകയായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ ഉണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.പരാജയമാണു കോണ്‍ഗ്രസ് ഇപ്പോള്‍ വിജയമായി ആഘോഷിക്കുന്നത്. കോണ്‍ഗ്രസ്സും ജെഡിഎസും മാത്രമാണ് ഇത്തരത്തില്‍ ആഘോഷം നടത്തുന്നത്. കര്‍ണാടകയിലെ ജനങ്ങള്‍ ഇതു വിജയമായി ആഘോഷിക്കുന്നില്ല.
തങ്ങളുടെ മന്ത്രിമാരില്‍ പലരും പരാജയമറിഞ്ഞിട്ടും എന്തിനാണ് ഇത്തരത്തില്‍ ആഘോഷം നടത്തുന്നതെന്നു കോണ്‍ഗ്രസ് കര്‍ണാടകയിലെ ജനങ്ങളോടു വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it