കര്‍ണാടകയിലെ ജനാധിപത്യ ധ്വംസനം

ബോബി കുഞ്ഞ്
15 ദിവസത്തിനു പകരം 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ തന്റെ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ബിജെപി വിരുദ്ധ ക്യാംപുകളില്‍, പ്രത്യേകിച്ചു കോണ്‍ഗ്രസ്സില്‍ വലിയ ആഹ്ലാദത്തിമര്‍പ്പിനു വഴിവച്ചിരുന്നു. എന്നാല്‍, ഈ ആഹ്ലാദപ്രകടനം വളരെയേറെ ഹ്രസ്വദൃക്കായതും സ്വന്തം തട്ടകം സംരക്ഷിക്കുന്നതിനു മാത്രമുള്ളതായിരുന്നു എന്നും പറയാം. ഭരണഘടന സംരക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന കോണ്‍ഗ്രസ്സിന്റെ വലിയ അവകാശവാദവുമായി അതിനു ബന്ധമൊന്നുമില്ല.
ആകെക്കൂടി സുപ്രിംകോടതി ചെയ്തിരിക്കുന്നത് ബിജെപിക്ക് അസംബ്ലി കൂടുന്നതിനു മുമ്പ് കുതിരക്കച്ചവടത്തിനു വലിയ അവസരം കൊടുത്തില്ലെന്നതു മാത്രമാണ്. കുഞ്ഞാടുകള്‍ വേലി ചാടാതിരിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനു കുറച്ചു സൗകര്യമൊരുക്കിയെന്നും പറയാം. അങ്ങനെ റിസോര്‍ട്ടുകളില്‍ ജനപ്രതിനിധികളെ താമസിപ്പിക്കുന്നതിന്റെ ചെലവു കുറഞ്ഞുകിട്ടുകയും ചെയ്തു.
അസംബ്ലിയില്‍ ബലപരീക്ഷണം നടന്നിരുന്നുവെങ്കില്‍ എന്തുണ്ടാവുമെന്നതായിരുന്നില്ല വിഷയം. സമയം കുറവായതിനാല്‍ ബിജെപിക്ക് എംഎല്‍എമാരെ ചാക്കിലാക്കാന്‍ അവസരം ലഭിച്ചില്ലെന്നു യെദ്യൂരപ്പയുടെ രാജി തെളിയിച്ചു. സുപ്രിംകോടതി വിധി ഗവര്‍ണറുടെ പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനാവിരുദ്ധമായ തീരുമാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുകയോ അദ്ദേഹത്തെ വിമര്‍ശിക്കുകയോ ചെയ്തില്ല. യെദ്യൂരപ്പയെ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കാനും സുപ്രിംകോടതി തയ്യാറായില്ല. അതു ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച, ജനങ്ങള്‍ തിരഞ്ഞെടുത്ത ഗവര്‍ണര്‍മാര്‍ക്ക് സ്വാഭീഷ്ടപ്രകാരമോ തങ്ങളെ നിയമിച്ചവരുടെ ഇച്ഛാനുസാരമോ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി.
കോടതി കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയോട് കാണിച്ച കാരുണ്യം മൂലമാണ് അദ്ദേഹം തുടര്‍ന്ന് എല്ലാ കീഴ്‌വഴക്കങ്ങളും കാറ്റില്‍ പറത്തി പ്രോട്ടം സ്പീക്കറായി ബൊപ്പയ്യയെ നിയമിക്കാന്‍ മുതിര്‍ന്നത്. അഞ്ചു പ്രാവശ്യം മാത്രം എംഎല്‍എയായ, അകക്കാമ്പില്‍ തന്നെ ആര്‍എസ്എസുകാരനായ അദ്ദേഹത്തെ എട്ടു പ്രാവശ്യം എംഎല്‍എയായ ദേശ്പാണ്ഡെയെ മറികടന്നാണ് ഗവര്‍ണര്‍ തിരഞ്ഞെടുക്കുന്നത്. സാധാരണഗതിയില്‍ ഏറ്റവും മുതിര്‍ന്ന ജനപ്രതിനിധിയാണ് പ്രോട്ടം സ്പീക്കര്‍ ആകേണ്ടിയിരുന്നത്. കാസ്റ്റിങ് വോട്ട് വേണ്ടിവന്നാല്‍ യെദ്യൂരപ്പയെ രക്ഷിക്കാനായിരുന്നു അത്.
ഗവര്‍ണറുടെ നടപടി തീര്‍ത്തും ഭരണഘടനാവിരുദ്ധവും അതിനാല്‍ തന്നെ ഗവര്‍ണറാവുമ്പോള്‍ ചെയ്ത സത്യപ്രതിജ്ഞയ്ക്ക് എതിരുമായിരുന്നു. ഗവര്‍ണറുടെയും ഒരു നാട്ടുമധ്യസ്ഥന്റെ റോളില്‍ പ്രവര്‍ത്തിച്ച സുപ്രിംകോടതിയുടെയും സഹായം ലഭിച്ചതുകൊണ്ടാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയാവുന്നത്. അദ്ദേഹത്തെ ക്ഷണിച്ച നടപടി കോടതി റദ്ദാക്കാത്തതുമൂലം കുതിരക്കച്ചവടത്തിന് അവസരമുണ്ടായി. അതില്‍ ബിജെപിക്കു നേട്ടമുണ്ടാക്കാന്‍ പറ്റിയില്ലെന്നത് വേറെ കാര്യം.
ആരെയാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതെന്ന കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള അധികാരം സംബന്ധിച്ചും രാഷ്ട്രപതിക്കുള്ള വിവേചനാധികാരത്തെപ്പറ്റിയും വിവാദപരവും അവ്യക്തവുമായ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ഇതു സംബന്ധിച്ച് ഉണ്ടായ വലിയ വാദപ്രതിവാദങ്ങളും നമുക്ക് അറിയാം. ആ നിലയ്ക്ക് ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാതെ ഈ വിഷയത്തില്‍ നിര്‍ണിതമായ തീരുമാനമെടുക്കാനുള്ള അവസരമാണ് സുപ്രിംകോടതി നഷ്ടപ്പെടുത്തിയത്. ചിലപ്പോള്‍ സുപ്രിംകോടതി ഗവര്‍ണറുടെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും തോന്നും.
ശനിയാഴ്ച സംഭവിച്ച പോലെ യെദ്യൂരപ്പ രാജി വച്ചില്ലായിരുന്നുവെങ്കില്‍ സുപ്രിംകോടതി, സ്വയമുണ്ടാക്കിയ അപകടകരമായ ഭരണഘടനാ പ്രതിസന്ധിയില്‍ ചെന്നുവീഴുമായിരുന്നു. അസംബ്ലിയില്‍ ഭൂരിപക്ഷമില്ലെന്നു കാണുമ്പോള്‍ അദ്ദേഹത്തിനു നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാം. തന്റെ ഇതഃപര്യന്തമുള്ള പെരുമാറ്റം പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ അതു സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാവിനെ ക്ഷണിച്ച പോലുള്ള ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധമായ നടപടി പോലെയായിരിക്കില്ല അത്. അതു തീര്‍ത്തും ഭരണഘടനാപരവും സാധാരണഗതിയില്‍ എവിടെയും ചോദ്യം ചെയ്യാന്‍ പറ്റാത്തതുമാവുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛകള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി പിന്നോട്ടു വളയുകയാണ് സുപ്രിംകോടതി എന്ന പൊതുധാരണ തിരുത്താനും ജനാധിപത്യത്തെ സംരക്ഷിക്കാനുമുള്ള ഒരവസരമാണ് ഉന്നതനീതിപീഠം വെറുതെ കളഞ്ഞത്.
ഗവര്‍ണര്‍മാരുടെയും രാഷ്ട്രപതിമാരുടെയും വിവേചനാധികാരങ്ങളെപ്പറ്റി ധാരാളം ഉത്തരവുകളും കമ്മീഷന്‍ റിപോര്‍ട്ടുകളും നിലവിലുണ്ടെങ്കിലും ആ പ്രക്രിയ പ്രായോഗിക രാഷ്ട്രീയത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. രാഷ്ട്രപതി, സ്പീക്കര്‍, ഗവര്‍ണര്‍ അല്ലെങ്കില്‍ ഭരണഘടനാപരമായ മറ്റു പദവികളില്‍ ഇരിക്കുന്നവരൊക്കെ തങ്ങളുടെ ഭരണഘടനാദത്തമായ അധികാരം ഉപയോഗിക്കുമ്പോള്‍ വസ്തുനിഷ്ഠരായിരിക്കുമെന്ന് കുട്ടികള്‍ മാത്രമേ കരുതൂ. അവരില്‍ ബഹുഭൂരിപക്ഷത്തിനും തങ്ങള്‍ പ്രവര്‍ത്തിച്ചുവന്ന രാഷ്ട്രീയപ്പാര്‍ട്ടികളോടോ പ്രസ്ഥാനങ്ങളോടോ ആണ് കൂറ്. എന്നാല്‍, 2014നു മുമ്പ്, ഇന്ത്യന്‍ ജനാധിപത്യത്തിലെ കാളരാത്രി എന്നു കരുതപ്പെട്ടിരുന്ന അടിയന്തരാവസ്ഥക്കാലത്തു പോലും എക്‌സിക്യൂട്ടീവിനു ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കുന്നു എന്ന നാട്യങ്ങളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നതില്ല. ആര്‍എസ്എസ്/ ബിജെപിക്ക് ചേരുന്നതൊക്കെ ഭരണഘടനാപരം എന്നതാണ് ഇന്നത്തെ നിയമം. അവരെ അനുകൂലിക്കാത്തതൊക്കെ ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹവുമാണ്.
മാത്രമല്ല, ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍, വെറും അലങ്കാരമെന്നു കരുതാവുന്ന, ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത പദവികളില്‍ ഇരിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവിന്റെ അധികാരത്തില്‍ ധിക്കാരപൂര്‍വം കൈയിടാന്‍ തുടങ്ങിയിരിക്കുന്നു. അതോടൊപ്പം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനായി കേന്ദ്ര ഭരണകൂടം സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്നു.
ഭരണഘടനയുടെ രാഷ്ട്രീയ ഘടന ഉദ്ദേശിക്കുന്ന വിധം സുപ്രിംകോടതിക്ക് ഒരു തിരുത്തല്‍ ശക്തിയായി രംഗത്തുവരാനും കൃത്യമായ നിബന്ധനകള്‍ നിര്‍ദേശിക്കാനുമുള്ള ശരിയായ അവസരമായിരുന്നു ഇത്. എന്നാല്‍, സംഭവിച്ചത് അതല്ല. പരമോന്നത കോടതി അതിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നു മാത്രമല്ല, രാഷ്ട്രീയ മധ്യസ്ഥരുടെ റോളെടുക്കുകയും ചെയ്തു. അത് കോടതിയെക്കുറിച്ച തെറ്റിദ്ധാരണകള്‍ കൂടുതല്‍ വ്യാപകമാക്കുകയാണ് ചെയ്യുന്നത്. ഗവര്‍ണര്‍ വാജുഭായ് വാല അങ്ങനെ രക്ഷപ്പെട്ടു എന്നു പറയാം.
യെദ്യൂരപ്പ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും ആംഗ്ലോ-ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദേശം ചെയ്യരുതെന്നും ഉത്തരവിട്ട കോടതി പക്ഷേ, അദ്ദേഹം മുഖ്യമന്ത്രിയായ ഉടനെ നടപ്പാക്കിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കിയില്ല. സുപ്രിംകോടതി കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിക്കാനേ നിവൃത്തിയുള്ളൂ. ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ ഗുരുതരമായ പരിക്ക് പരിഹരിക്കുന്നതിനു കൃത്യമായ മാര്‍ഗദര്‍ശനം നമുക്കു വേണ്ടതുണ്ട്.
കോണ്‍ഗ്രസ് തങ്ങളുടെ ഹ്രസ്വകാല ലക്ഷ്യം നിറവേറിയതിലും ഗവര്‍ണറുടെ അധികാരങ്ങള്‍ കോടതി കൃത്യമായി നിര്‍വചിക്കാത്തതിലും വലിയ ആഹ്ലാദത്തിലാണ്. എന്‍ഡിടിവിയില്‍ ഈ വിവാദം സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വക്താവ്, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബിജെപി ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ചെയ്യുമെന്ന് അറിയാതെ പറഞ്ഞുപോകുന്നു. സ്വേച്ഛാപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവര്‍ക്കും വിമുഖതയില്ലെന്നു വ്യക്തം.
ബിജെപി ജനാധിപത്യത്തെ കൊല്ലുന്നു എന്ന മുറവിളിയാണ് ഈ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്നത് സുപ്രിംകോടതിയാണ്. അവ്യക്തബഹുലമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഈ പ്രശ്‌നത്തില്‍ വലിയ പ്രതീക്ഷയൊന്നും നല്‍കുന്നില്ല. ആഘോഷിക്കാനല്ല, സങ്കടപ്പെടാനാണ് നമുക്കു കാരണങ്ങളുള്ളത്. എന്നാല്‍, എന്റെ മാധ്യമ സുഹൃത്തുക്കള്‍ക്കു വീട്ടില്‍ പോയി സുഖമായുറങ്ങാം.                                   ി



ി
Next Story

RELATED STORIES

Share it