Editorial

കര്‍ണാടകയിലെ ജനവിധി നല്‍കുന്ന പാഠങ്ങള്‍

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം ഒരേസമയം നിരാശാജനകവും പ്രത്യാശാനിര്‍ഭരവുമാണ്. ബിജെപിയും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച്് മല്‍സരിക്കുകയാണെന്നും അവസാനത്തെ ചിരി ജനതാദള്‍ എസിന്റേത് ആയിരിക്കുമെന്നുമൊക്കെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തേ തന്നെ കണക്കുകൂട്ടിയത്. അങ്ങനെ തന്നെ സംഭവിച്ചു. എന്നാല്‍, സിദ്ധരാമയ്യ എന്ന മികവുറ്റ രാഷ്ട്രീയക്കാരന്റെ അനുപമമായ തന്ത്രങ്ങളും രാഹുല്‍ഗാന്ധിയുടെ ജനസമ്മതിയുമൊക്കെ ഉണ്ടായിട്ടും കോണ്‍ഗ്രസ്സിന് ജയിക്കാനായില്ല. അതേസമയം, പ്രതികൂല ഘടകങ്ങള്‍ ഒരുപാടുണ്ടായിട്ടും നരേന്ദ്രമോദിയും ബിജെപിയും വിജയിച്ചു. ഒരു രാഷ്ട്രീയനേതാവിന് പ്രയോഗിക്കാനാവുന്ന തന്ത്രങ്ങള്‍ മുഴുവനും സിദ്ധരാമയ്യ പ്രയോഗിച്ചിട്ടുണ്ട്. കന്നഡിഗയുടെ ആത്മബോധത്തെ ഉണര്‍ത്താന്‍ സ്വന്തമായി പതാകയും ഗാനവും വേണമെന്ന ചിന്തയുളവാക്കിയത് ചെറിയ കാര്യമല്ല. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷപദവി നല്‍കാനുള്ള നീക്കവും കിടയറ്റ തന്ത്രമായിരുന്നു. എല്ലാ തന്ത്രങ്ങളെയും തോല്‍പിക്കാന്‍ നരേന്ദ്രമോദിയുടെ വ്യാജ പ്രസ്താവങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കും കാടിളക്കലിനും സാധിച്ചു എന്നതാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ നിന്നുളവായ ഏറ്റവും നിരാശാജനകമായ പാഠം. ഒരു 'ഡെമഗോഗി'ന് ജനാധിപത്യത്തിന്റെ എല്ലാ മഹോന്നത ദര്‍ശനങ്ങളെയും അട്ടിമറിക്കാന്‍ ഇത്ര എളുപ്പമാണെങ്കില്‍ നാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് എന്തുവില?
അതേയവസരം കര്‍ണാടകയിലെ ജനവിധി പ്രത്യാശാജനകമാവുന്നത് തീവ്ര ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കെതിരായി മതേതരശക്തികള്‍ ഒന്നിച്ചുനിന്നാല്‍ വിജയം എളുപ്പമാണെന്ന് അതു തെളിയിക്കുന്നു എന്നതുകൊണ്ടാണ്. കണക്കുകൂട്ടലുകളിലെ ഏതോ കൈത്തെറ്റുമൂലം കോണ്‍ഗ്രസ്സിനും ജനതാദള്‍ എസിനും ഒരുമിച്ചുനിന്ന് കാവിരാഷ്ട്രീയത്തെ എതിരിടാനായില്ല. പക്ഷേ, അവര്‍ യോജിച്ചുനിന്നിരുന്നെങ്കില്‍ ബിജെപിയെ തൂത്തെറിയാന്‍ കഴിഞ്ഞേനെ. ഇതൊരു ശുഭസൂചനയാണ്. ഇന്ത്യയിലെവിടെയും ഇതുതന്നെയാണു സ്ഥിതി. ഈ വസ്തുത തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നതാണ് ഇന്ത്യയിലെ മതേതര പാര്‍ട്ടികളുടെ ദൗര്‍ബല്യം. ജനതാദള്‍ എസിനെ അകറ്റിനിര്‍ത്തിയത് കോണ്‍ഗ്രസ്സിന്റെയും സിദ്ധരാമയ്യയുടെയും പിടിപ്പുകേടാണെന്നതു നേരുതന്നെ. പക്ഷേ, ജനതാദളിനുമുണ്ട് അതില്‍ ഉത്തരവാദിത്തം. മതേതര ബദല്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ വിലപേശല്‍ രാഷ്ട്രീയമല്ല പ്രയോഗിക്കേണ്ടതെന്ന് ഇവരൊക്കെ എപ്പോഴാണു തിരിച്ചറിയുക?
ജനതാദള്‍ എസിന്റെ നിലപാടാണ് ഇനി കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം. സകല തന്ത്രങ്ങളും ബിജെപി പ്രയോഗിക്കും, പണമൊഴുക്കും. ഇത്തരം സമ്മര്‍ദങ്ങളെ അതിജയിച്ച് മതേതരത്വത്തിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനതാദള്‍ എസിന് ഒരു ജനാധിപത്യശക്തിയായി നിലനില്‍ക്കാന്‍ അര്‍ഹതയുണ്ടാവുകയില്ല. കുമാരസ്വാമിയും കൂട്ടരും അതു മനസ്സിലാക്കുമെന്നാണു മതേതര ഇന്ത്യയുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it