Editorial

കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍

കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുന്നു. ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സിലെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പിനുശേഷം വിശ്വാസവോട്ട് തേടുമെന്നാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ഇപ്പോഴും തുടരുന്നതിനാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ ആദ്യകടമ്പ കടന്നുവെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പ്രതിപക്ഷ ഐക്യനിരയെ സാക്ഷിയാക്കി കര്‍ണാടകയിലെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ജനാധിപത്യ-മതേതര ചേരിയില്‍പ്പെട്ട രാജ്യനിവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് അതു നോക്കിക്കാണുന്നത്. ഫാഷിസ്റ്റ് ഏകാധിപത്യ വാഴ്ചയിലേക്ക് രാജ്യം കൂപ്പുകുത്തുന്നത് തടയാനുള്ള യോജിച്ച നീക്കത്തിന് കര്‍ണാടകയില്‍ രൂപംകൊണ്ട ഈ ഐക്യം വഴിയൊരുക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഈയൊരു പ്രതീക്ഷയാണ് കര്‍ണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കു ദേശീയപ്രാധാന്യം നേടിക്കൊടുക്കുന്നതും.
രാജ്യത്തിന്റെ ഭരണഘടനയും അതിന്റെ ജനാധിപത്യ മതേതര അസ്തിത്വവും  ഭീഷണി നേരിടുകയാണെന്ന ബോധം ഇന്ന് ഏതൊരു സാധാരണക്കാരനുമുണ്ട്. തങ്ങളുടെ അസ്തിത്വം പോലും ഭീഷണി നേരിടുകയാണെന്ന ചിന്ത രാജ്യത്തെ പല ജനവിഭാഗങ്ങളിലും അരക്ഷിതബോധം വളര്‍ത്തിയിരിക്കുന്നു. ബിജെപി ഭരണകൂടം കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിനുശേഷം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ വംശീയമായി ലക്ഷ്യമിടുന്ന ഒട്ടനവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായി.
ഈ അവസ്ഥാവിശേഷത്തിന്റെ ഗൗരവവും യാഥാര്‍ഥ്യവും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ഐക്യമാണ് കര്‍ണാടകയില്‍ രൂപംകൊണ്ടത് എന്ന് പൂര്‍ണാര്‍ഥ ത്തില്‍ പറയാന്‍ കഴിയില്ല. തങ്ങള്‍ നേരിട്ട രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി കരകയറാനുള്ള ഒരു യജ്ഞം മാത്രമായേ അതിനെ ഒരു പരിധിവരെ കാണാനാവൂ. കാരണം, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രചാരണവുമായി ബിജെപി രംഗം കൊഴുപ്പിക്കുമ്പോഴും  ഫാഷിസത്തിന് എതിരായ ഒരു ഐക്യനിരയെക്കുറിച്ചു കോണ്‍ഗ്രസോ ജെഡിഎസോ ചിന്തിച്ചതായി കണ്ടിട്ടില്ല. പകരം അവര്‍ ഓരോരുത്തരും തങ്ങളുടെ സംഘടനാപരമായ അഹന്തയും തന്‍പോരിമയും കൈമുതലാക്കി പരസ്പരം മാറ്റുരയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ജെഡിഎസ് ബിജെപിയുമായി രഹസ്യധാരണയിലാണെന്ന് ആരോപിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. പല മണ്ഡലങ്ങളിലെയും വോട്ടുനില ആരോപണത്തെ ശരിവയ്ക്കുന്നുമുണ്ട്.
തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയമാണ്, കൂടുതല്‍ ലാഭകരമെന്നു തോന്നിയ ഒരു സഖ്യവ്യവഹാരത്തിന് ജെഡിഎസിനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ്സിനാവട്ടെ, അതു മുഖം രക്ഷിക്കാനുള്ള അവസരവുമായി. ബോധപൂര്‍വമല്ലാത്ത ഈ ഐക്യപ്പെടലിനെ ബോധപൂര്‍വമായ തിരിച്ചറിവിന്റേതായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമെങ്കിലേ ഈ സഖ്യം പ്രതീക്ഷയ്ക്ക് എന്തെങ്കിലും വക നല്‍കുന്നുള്ളൂ.


.
Next Story

RELATED STORIES

Share it