Flash News

കര്‍ണാടകയിലെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് മഅ്ദനിയെ ബാംഗ്ലൂരില്‍ തളച്ചിടുന്നു: പൂന്തുറ സിറാജ്

പാലക്കാട്: കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് സംസ്ഥാന ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ മതിയായ ചികില്‍സ പോലും ലഭ്യമാക്കാതെ ബാംഗ്ലൂരില്‍ തളച്ചിടുകയാണെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബാംഗ്ലൂര്‍ സ്‌ഫോടന കേസ് എന്‍ഐഐ ഏറ്റെടുക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന മഅ്ദനിയെ ബാഗ്ലൂരില്‍ ഇട്ടു നശിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു വേണം കരുതാനെന്ന് സിറാജ് പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് സംഘപരിവാരം ഈ നീക്കം നടത്തുന്നത്. 15 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണമായി നഷ്ടമായി.മറ്റേ കണ്ണിന്റെ കാഴ്ചശക്തിയ്ക്ക് തകരാറുള്ളതായും ചികില്‍സ വേണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്.
ശ്വാസ കോശത്തിന് 75 ശതമാനവും കാന്‍സര്‍ ബാധിച്ച അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ഉമ്മ. മഅ്ദനിയുടെ ദുരവസ്ഥയറിഞ്ഞ് ഒരു ഭാഗം ശരീരം തളര്‍ന്ന് ചികില്‍സയിലാണ് പിതാവ്. എറണാകുളം കൂത്താട്ടുകുളത്ത് മഅ്ദനിയുടെ ചികില്‍സാര്‍ഥം കോടതിയെ സമീപിച്ചിരിക്കുകയാണ്. മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം ഭരണകൂടം സ്വീകരിക്കണം.
കേരള രാഷ്ട്രീയത്തില്‍ സംഘപരിവാരിന്റെ അധിനിവേശം ശക്തമാണെന്നതിന്റെ തെളിവാണ് എസ്എന്‍ഡിപിയുടെ പ്രവര്‍ത്തന രീതി. എന്നാല്‍ എന്‍എസ്എസ് കേരളത്തിന്റെ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. സംഘപരിവാര്‍ ലീഗിനെ മുന്നില്‍ നിര്‍ത്തി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. ലീഗ് ഒരു സമുദായത്തിന്റെ പേരുപറഞ്ഞ് പ്രവര്‍ത്തിക്കുന്ന സംഘടനയായതുകൊണ്ടുതന്നെ അവര്‍ നടത്തുന്ന യാത്ര മുതല്‍കൂട്ടാവുക സംഘപരിവാരിനാണ്. തെറ്റിദ്ധരിക്കപ്പെട്ട ഹൈന്ദവ മനസ്സുകളിലേക്ക് സംഘപരിവാരങ്ങള്‍ക്ക് കുറച്ചുകൂടി വേരാഴ്ത്താന്‍ മാത്രമേ ലീഗിന്റെ യാത്ര ഉപകരിക്കൂ. അതുകൊണ്ട് കാസര്‍കോഡ് നിന്നുള്ള യാത്ര ലീഗ് റദ്ദാക്കുകയാണ് മതേതര കേരളത്തിന് നല്ലത്.
സംവരണം ഔദ്യാര്യമല്ല, കീഴാള ജനതയുടെ അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി പിഡിപിയുടെ സംസ്ഥാന സമ്മേളനം മാര്‍ച്ച് 30, 31 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. കോഴിക്കോട് മാന്‍ഹോളില്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ദാരുണമായി മരണപ്പെട്ട മനുഷ്യസ്‌നേഹി നൗഷാദിന്റെ പേരിലുള്ള സമ്മേളന നഗരിയില്‍ 30 ന് പ്രതിനിധി സമ്മേളനവും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പും നടക്കും. 30 ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം പിഡിപിയുടെ പുതിയ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുക്കും. 31 ന് റാലിയും പൊതുസമ്മേളനവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഷംസു തൃത്താല, സംസ്ഥാന വൈസ് ചെയര്‍മാന്‍ തോമസ് മാഞ്ഞാരൂന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, വി എം കുഞ്ഞുമുഹമ്മദ് മൗലവി, ഇബ്രാഹിം നെയ്തല, റാഷിദ് മോളൂര്‍, അഡ്വ. സുബ്രഹ്മണ്യന്‍, സി കെ അബൂബക്കര്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it