thrissur local

കര്‍ണപുടം തകര്‍ക്കുന്ന നാസിക് ഡോള്‍ നിരോധിക്കണമെന്ന് ആവശ്യം

സലീം എരവത്തൂര്‍

മാള: മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും കര്‍ണ്ണപുടങ്ങളെ തകരാറിലാക്കുന്ന നാസിക് ഡോളെന്ന വാദ്യോപകരണം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെറിയ പരിപാടികള്‍ക്ക് പോലും വ്യാപകമായി ഉപയോഗിക്കുന്ന വാദ്യോപകരണമായി നാസിക് ഡോള്‍ മാറിയതോടെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വളരെയേറെ ശല്യമായി മാറിയിരിക്കയാണ്. ശനിയാഴ്ച വരെ തുടര്‍ന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാസിക് ഡോള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്ന ശനിയാഴ്ച ഒരു കക്ഷിയുടെ മാത്രം നാലും അഞ്ചും സെറ്റുകളിലായിരുന്നു നാസിക് ഡോള്‍ ഉപയോഗിച്ചിരുന്നത്. കാറിന്റെ എയര്‍ഹോണ്‍ പോലും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും കര്‍ണ്ണപുടങ്ങള്‍ക്ക് വലിയ തോതിലുള്ള ഭീഷണിയാകുന്ന സ്ഥാനത്താണ് അതിനേക്കാള്‍ പലമടങ്ങ് ശബ്ദതീവ്രതയുള്ള നാസിക് ഡോള്‍ പോലുള്ളവ വ്യാപകമായി ഉപയോഗിക്കുന്നത്. ചെണ്ട പോലും കര്‍ണ്ണപുടങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു മനുഷ്യന്റെ കര്‍ണ്ണപുടങ്ങള്‍ക്ക് സാധാരണ ഗതിയില്‍ താങ്ങാനാവുന്നത് 80 ഡെസിബെല്‍ വരെയുള്ള ശബ്ദമാണ്. നാസിക് ഡോളിന്റെ ഓരോ ഡ്രമ്മില്‍ നിന്നും വരുന്ന ശബ്ദം 400 ഡെസിബെല്‍ ശബ്ദ തീവ്രതയുള്ളതാണ്. ഒന്നിന്റെ കൂടെ മറ്റൊന്ന് കൂടിയാകുമ്പോള്‍ ശബ്ദ തീവ്രത ഇരട്ടിക്കും. ഒരു സെറ്റ് നാസിക് ഡോളാകുമ്പോള്‍ പതിനായിരം ഡെസിബെല്‍ വരെയുള്ള ശബ്ദ തീവ്രതയാകും. ചെവിക്ക് മാത്രമല്ല ഈ ശബ്ദ തീവ്രത ഭീഷണിയാകുന്നതെന്ന് ശബ്ദ മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാക്കളില്‍ ഒരാളായ ഡോക്ടര്‍ സീതി പറയുന്നു. ഹാര്‍ട്ടിനേയും തലച്ചോറിനേയും ഈ ശബ്ദ തീവ്രത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ബ്ലഡ്പ്രഷര്‍, ഡയബറ്റിക്ക് തുടങ്ങിയവയിലും വലിയ തോതിലുള്ള പ്രശ്‌നം സൃഷ്ടിക്കുമിത്. ഹാര്‍ട്ടിന്റെ മിടിപ്പ് വന്‍തോതില്‍ കൂടും. അത്തരത്തില്‍ കൂടിയ തോതിലുള്ള ശബ്ദ മലിനീകരണമാണിതുണ്ടാക്കുന്നതെങ്കിലും അവയ്‌ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. വിവാഹ ആഘോഷങ്ങള്‍ക്ക് പോലും ഉപയോഗിച്ച് വരുന്ന വാദ്യോപകരണമായി നാസിക് ഡോള്‍ മാറിയിട്ടുണ്ട്. പുറത്ത് വച്ചുണ്ടാവുന്ന ശബ്ദ തീവ്രതയേക്കാള്‍ പലമടങ്ങാണ് ഹാളിലും മറ്റും വച്ചുപയോഗിക്കുമ്പോഴുണ്ടാവുന്നത്. തിരഞ്ഞെടുപ്പിന്റെ ഫലം നാളെ പ്രഖ്യാപിക്കുമ്പോള്‍ വിജയിക്കുന്ന കക്ഷികളുടെ ആഹ്ലാദാരവങ്ങള്‍ക്ക് നാസിക് ഡോള്‍ ഉപയോഗിക്കുകയില്ലയെന്ന് പോലിസ് ഉറപ്പു വരുത്തണമെന്നും ആവശ്യമുയരുന്നു.
Next Story

RELATED STORIES

Share it