malappuram local

കരുവാരക്കുണ്ട് കല്‍കുണ്ടില്‍ ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങി

കരുവാരകുണ്ട്: കല്‍കുണ്ടിലെ ജനവാസകേന്ദ്രത്തിലെത്തിയ പുലികള്‍ കൂടുതകര്‍ത്ത് ആടുകളെ വകവരുത്തി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കല്‍കുണ്ടിലെ ആര്‍ത്തല കോളനിക്കു സമീപം മറ്റത്തില്‍ ടോമിയുടെ ഫാമില്‍ വളര്‍ത്തുന്ന അടുകളെയാണ് പുലികള്‍ കൊന്നുതിന്നത്. ഫാമില്‍ നാല്‍പതോളം ആടുകളെയാണ് വളര്‍ത്തി വരുന്നത്. ഇരുമ്പുകമ്പികള്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന കൂടിന്റെ ഒരു ഭാഗത്തെ കമ്പിവളച്ചാണ് പുലികള്‍ ഫാമിനുള്ളില്‍ കടന്നത്.
ആടുകളില്‍ രണ്ടെണ്ണത്തിനെ ഫാമിനുള്ളില്‍ നിന്നു വലിച്ചിഴച്ച് കടത്തികൊണ്ടു പോയി. ഒന്നിന്റെ കാലിലെ ഒരു ഭാഗത്തെ മാംസം നഷ്ടപ്പെട്ടിട്ടുണ്ട്. ഒന്‍പതിലധികം ആടുകളെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഉടമ പറഞ്ഞു. കൂടിനുള്ളില്‍ രക്തം തളം കെട്ടി നില്‍പ്പുണ്ട്. വെള്ളിയാഴ്ച കരുവാരകുണ്ട് വെറ്റിനറി സര്‍ജന്‍ സജീവ് കുമാര്‍ സ്ഥലത്തെത്തി ആടുകളുടെ മുറിവുകള്‍ പരിശോധിച്ചു. ആടുകളെ ആക്രമിച്ചത് പുലിതന്നെയാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആടുകളെ വകവരുത്തിയത് കടുവയാണോ എന്ന ജനങ്ങളുടെ സംശയവും അദ്ദേഹം തള്ളിക്കളയുന്നില്ല. എന്നാല്‍, വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും ജനങ്ങളുടെ ഭീതി അകറ്റാനുള്ള ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നുണ്ടായില്ലന്നും പരാതിയുണ്ട്. ആടുകളെ വകവരുത്തിയ മൃഗത്തെ പിടികൂടാന്‍ കെണി സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം  നിഷേധിക്കുകയാണത്രെ ഇവര്‍ ചെയ്തത്. ഇതിനെതിരേ മലയോരവാസികളില്‍ പ്രതിഷേധം ശക്തമാണ്.
ആര്‍ത്തല കോളനിക്കു സമീപം നാല്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വന്യമൃഗ ഭീഷണി ഭയന്ന് നിരവധി കുടുംബങ്ങള്‍ സുരക്ഷാതാവളത്തിലേക്ക് താമസം മാറി. കാര്‍ഷികോല്‍പന്നങ്ങളുടെ വില തകര്‍ച്ചയെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ നാല്‍കാലികളെ വളര്‍ത്തിയാണ് ജീവിതവഴി തേടുന്നത്. ഒരു വര്‍ഷം മുമ്പ് ചേരിപ്പടി, ചേരി ഭാഗങ്ങളിലെ ജനവാസകേന്ദ്രത്തില്‍നിന്ന് പന്ത്രണ്ടാടുകളെ പുലികള്‍ വക വരുത്തിയിരുന്നു. ഇതില്‍ ആറെണ്ണത്തിനെ കൂടു തകര്‍ത്തും മറ്റുള്ളവയെ മേയുന്നിടത്തു നിന്നുമാണ് ഇരയാക്കിയത്. രണ്ടു വര്‍ഷം മുമ്പ് കുണ്ടോടയില്‍ മേഞ്ഞുകൊണ്ടിരുന്ന പോത്തുകളെയും പുലികള്‍ കൊന്നുതിന്നിരുന്നു.
ഇതിന്റെ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ജനങ്ങള്‍ ഭയപ്പാടോടുകൂടിയാണ് ജീവിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയില്ലങ്കില്‍ വനം വകുപ്പധികൃതര്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് മലയോര കര്‍ഷക ജനതയുടെ നീക്കം.
Next Story

RELATED STORIES

Share it