malappuram local

കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയില്‍ വീണ്ടും കഞ്ചാവു വേട്ട

കരുവാരകുണ്ട്: അന്തര്‍സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനി പിടിയില്‍. കരുവാരകുണ്ട് ഇരിങ്ങാട്ടിരി വച്ച് അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് മാഫിയയിലെ കണ്ണിയായ ചോലക്കപറമ്പിക്ക സൈനുല്‍ ആബിദ് (41)നെയാണ് പിടികൂടിയത്. കരുവാരകുണ്ട് എസ്‌ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡാണ് 2.185 കെ ജി കഞ്ചാവുമായി ഇയാളെ പിടികൂടിയത്. പാലക്കാട് സബ് ജയിലിലായിരുന്ന പ്രതി ഈ മാസം 7ന് ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം പോലിസ് നിരീക്ഷണത്തിലായിരുന്നു. പാണ്ടിക്കാട് സിഐ കെ അബ്ദുള്‍ മജീദിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഇരിങ്ങാട്ടിരി എയുപി സ്‌കൂളിനു സമീപമുള്ള ബസ് വെയ്റ്റിങ് ഷെഡ്ഡില്‍വച്ചാണ് പ്രതി പിടിയിലായത്. ആന്ധ്രയില്‍ നിന്നു കോയമ്പത്തൂര്‍ -പഴനി വഴിയാണ് കേരളത്തിലേക്കു കഞ്ചാവ് കടത്തുന്നത്. ഒരു കിലോ കഞ്ചാവ് 140 മുതല്‍ 150 വരെ ചെറുപാക്കറ്റുകളാക്കി ഒരു ചെറിയ പായ്ക്കറ്റ് കഞ്ചാവിന് 500 രൂപ യാണ് ഈടാക്കുന്നത്. നിരവധി വിദ്യാര്‍ഥികളാണു കഞ്ചാവിന് അടിമകളായി മാറുന്നത്.ഈ മാസം പാന്തറവച്ച് രണ്ടുക്കിലോയും പാലക്കല്‍വെട്ടവച്ച് രണ്ടരക്കിലോയും പിടികൂടിയതടക്കം ആകെ ആറരക്കിലോ കഞ്ചാവാണ് മലയോര മേഖലയില്‍ നിന്ന് കരുവാരകുണ്ട് പോലിസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇക്കാര്യത്തില്‍ കരുവാരകുണ്ട് മേഖലയിലെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ പോലിസിനു നല്ല പിന്തുണയാണു നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ അവരെ അഭിനന്ദിക്കുന്നതായും പോലിസ് അറിയിച്ചു. എസ്‌ഐ ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐ വേണുഗോപാലന്‍, അബ്ദുള്‍ സലാം, പി കെ മോഹന്‍ദാസ, സെബാസ്റ്റ്യന്‍, രാജേഷ്, മന്‍സൂര്‍, ഫാസില്‍ കുരിക്കള്‍, അജീഷ്, അരുണ്‍, ബിജേഷ്, അപ്പു, സേതുമാധവന്‍ എന്നിവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it