malappuram local

കരുവാരക്കുണ്ടില്‍ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട



കരുവാരകുണ്ട്: ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി കോഡൂര്‍ സ്വദേശി ജലീല്‍ (44) നെ കരുവാരക്കുണ്ട് എസ്‌ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. കരുവാരകുണ്ട് കരിങ്കംന്തോണിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. പോലിസ് പിടികൂടാനെത്തിയപ്പോള്‍ ഇയാള്‍ മയക്കുമരുന്ന് കുത്തിവച്ചു കൊണ്ടിരിക്കുന്ന നിലയിലായിരുന്നുവെന്നും എസ്‌ഐ ജ്യോതിന്ദ്രകുമാര്‍ പറഞ്ഞു. ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് ,കറുപ്പ്, ഇവ ഉപയോഗിക്കാനുള്ള സിറിഞ്ച്, മെഷര്‍മെന്റ് ഉപകരണം എന്നിവയും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗര്‍, ഒന്നരക്കിലോ കഞ്ചാവ്, നാലു ഗ്രാം കറുപ്പ് തുടങ്ങിയവയും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. 2004ല്‍ മയക്കുമരുന്നു കേസില്‍ ഇയാള്‍ ആറു മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മലപ്പുറത്ത് വച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും ഇയാള്‍ ശിക്ഷയനുഭവിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കഞ്ചാവുമായി എക്‌സൈസ് അധികൃതര്‍ ഇയാളെ മലപ്പുറത്ത് വച്ച് പിടികൂടിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതായും പോലിസ് പറഞ്ഞു. കരിങ്കന്‍തോണിയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി. പ്രതി കരിങ്കംന്തോണിയില്‍ നിന്നു വിവാഹം കഴിച്ചതില്‍ രണ്ട്കുട്ടികളുണ്ട്. കോഡൂരിലും ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്. ഇയാള്‍ വേറെയും വിവാഹം കഴിച്ചിട്ടുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. ജില്ലയില്‍ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കടക്കം മയക്കുമരുന്നുവിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജലീലെന്നും പോലിസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിപിഒമാരായ സെബാസ്റ്റ്യന്‍, രാകേഷ്, കെ രതീഷ്, എന്‍ ടി രാജീവന്‍, പ്രശാന്ത്, അന്‍സാര്‍, നജീബ്, സന്ദീപ്, അഭിലാഷ്, ബി ബിന്‍, ബിനീഷ് എന്നിവരും പ്രതിയെ പിടികൂടാനെത്തിയ പോലിസ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it