malappuram local

കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

കരുവാരക്കുണ്ട്: തുള്ളിമുറിയാതെ പെയ്ത മഴയും ആഞ്ഞുവീശിയ കാറ്റും കരുവാരകുണ്ടില്‍ വ്യാപക നാശം വിതച്ചു. പുഴയോരത്തുള്ള ഒട്ടനവധി വീടുകളില്‍ വെള്ളം കയറി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വളര്‍ത്തുപക്ഷികളും ഒഴുക്കില്‍പ്പെട്ടു. കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചില്‍ കണ്ട് താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് രക്ഷപ്പെട്ടതിനാല്‍ ആളപായമില്ലാതെ ഒഴിവായി. തേങ്ങ, അടയ്ക്ക, ജാതി, കൊക്കോ തുടങ്ങിയ നാണ്യവിളകള്‍ ഒഴുകില്‍ ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിപ്പുഴ ഗതിമാറി ഒഴുകി. വ്യാപക കൃഷി നാശമുണ്ടായി. ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. ഗവ. മോഡല്‍ എല്‍പി സ്‌കൂളില്‍ വെള്ളം കയറി. ക്ലാസ് മുറികളും വരാന്തകളും മുറ്റവും ഓഫിസ് മുറിയുമെല്ലാം വെള്ളം കൊണ്ട് നിറഞ്ഞു. സ്‌കൂള്‍ വിട്ട് കുട്ടികളെ സുരക്ഷിതരായി വീടുകളിലെത്തിച്ചു. വിദ്യാലയത്തിന് ഇന്ന് അവധി നല്‍കി. രാവിലെയും തുള്ളിമുറിയാതെ പെയ്ത മഴ കണ്ട് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലയക്കാന്‍ മടിച്ചു.
അവധി പ്രഖ്യാപിക്കാത്തതിനാലാണ് പിന്നീട് കുട്ടികളെ സ്‌കൂളിലയച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കു പുറമെ ചില സ്വകാര്യ വിദ്യാലയങ്ങളും നേരത്തെ ക്ലാസുകളവസാനിപ്പിച്ച് അവധി നല്‍കി. ഇതിനിടയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായി അഭ്യൂഹം പരന്നു. ഇത് രക്ഷിതാക്കളെ കൂടുതല്‍ പരിഭ്രാന്തരാക്കി. പലരും വിദ്യാലയങ്ങളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. ഒലിപ്പുഴയ്ക്ക് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ പി ഷൗക്കത്തലി ജില്ലാ കലക്ടറോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് മെംബര്‍ വി ആബിദലി എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. താലൂക്ക് തഹസില്‍ദാര്‍ മുഖേന കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയതായി വില്ലേജ് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it