malappuram local

കരുവാരക്കുണ്ടില്‍ കാട്ടാന ഇറങ്ങി ; വ്യാപകമായി കൃഷി നശിപ്പിച്ചു



കരുവാരകുണ്ട്: കരുവാരക്കുണ്ട് കക്കറയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനകള്‍ വന്‍തോതില്‍ കൃഷികള്‍ നാശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് കാട്ടാനകള്‍ ജനങ്ങളെ ഭീതിയിലാക്കിയത്. ചെറുതും വലുതുമായ ഒന്‍പതിലധികം കാട്ടാനകളാണ് ജനവാസകേന്ദ്രത്തിലിറങ്ങിയത്. ടി പി അറുമുഖന്‍, മാങ്ങാട്ടുപറമ്പില്‍മാനുകുട്ടന്‍, കരിവേലില്‍ തങ്കച്ചന്‍ തുടങ്ങിയ കര്‍ഷകരുടെ കമുക്, വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് ഇവ നാശം വരുത്തിയത്. നേരം പുലരുവോളം കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ തമ്പടിച്ചതായും കര്‍ഷകര്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പോലിസും വനംവകുപ്പ് അധികൃതരും ഇന്നലെ രാവിലെ സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരുടെ പരിശ്രമത്തില്‍ കാട്ടാനകളെ ജനവാസ കേന്ദ്രത്തില്‍ നിന്നു അകറ്റിയിരുന്നു. പറയന്‍മാുതുണ്ട് വനഭൂമിയില്‍ നിന്നുമിറങ്ങുന്ന കാട്ടാനകളാണ് കക്കറയില്‍ കൃഷി നാശം വരുത്തിയത്. ഒരു വര്‍ഷം മുമ്പ് പട്ടാപകല്‍ കക്കറ കരിങ്കല്‍ തോണി ഭാഗങ്ങളിലെ ജനവാസ കേന്ദ്രത്തിലെത്തിയ കൊമ്പന്‍ നിരവധി വീടുകള്‍ തകര്‍ത്തിരുന്നു. വനാതിര്‍ത്തികളില്‍ സോളാര്‍ വേലിയും കിടങ്ങും തീര്‍ത്ത് കാട്ടാനകളെ തടയണമെന്ന കര്‍ഷകരുടെ മുറവിളിക്ക് നാളിതുവരെ പരിഹാരമായിട്ടില്ല. സോളാര്‍ വേലി നിര്‍മാണത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതായും കര്‍ഷകര്‍ പറയുന്നു. വന്യ മൃഗശല്യത്തിനെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ ഗ്രാമപ്പഞ്ചായത്തും നിസ്സംഗത പാലിക്കുകയാണന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. കര്‍ഷക ക്ഷേമത്തിനു സര്‍ക്കാര്‍ പഞ്ചായത്തുവഴി നല്‍കുന്ന ഫണ്ടുകള്‍ മറ്റു നിര്‍മാണാവശ്യത്തിനായി വഴിതിരിച്ചുവിടുന്നതായും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it