Kollam Local

കരുനാഗപ്പള്ളി ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷം



കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ യുഡിഎഫ് ഹര്‍ത്താലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസുമായി നേരിയ സംഘര്‍ഷം. ഹര്‍ത്താലനുകൂലികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അങ്ങിങ്ങ് പോലിസുമായി വാക്കേറ്റത്തിലും ലാത്തി വീശലിലും കലാശിച്ചു.കോണ്‍ഗ്രസ്സ് ഭവന്റെ മുന്നില്‍ നിന്നും രാവിലെ 11 മണിയ്ക്ക് നടന്ന പ്രതിഷേധ പ്രകടനം ടൗണിലേക്ക് ചുറ്റി വരുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രകടനവുമായി എത്തിയവര്‍ കെ എസ്ആര്‍ടിസി ബസ് സ്റ്റാന്റിന് തെക്കു വശത്ത് തുറന്ന് പ്രവര്‍ത്തിച്ച ഭൂപണയ സഹകരണ ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസുമായി വാക്കേറ്റം ഉണ്ടാവുകയും എ സി പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിവീശി പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു. അതേ സമയം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സിപിഐ ഓഫിസിനു നേരെയും സിപിഐ മണ്ഡലം സെക്രട്ടറിക്കെതിരെയും നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ടൗണ്‍ ക്ലബ്ബിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.തുടര്‍ന്ന് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ നടന്ന പ്രതിഷേധയോഗം ആര്‍ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി പി കെ ബാലചന്ദ്രന്‍ അധ്യക്ഷനായി. ആര്‍ സോമന്‍ പിള്ള, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍, സൂസന്‍കോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ വസന്തന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയമ്മാലാലി, അനില്‍ എസ്‌കല്ലേലിഭാഗം, കമറുദ്ദീന്‍ മുസ്‌ലിയാര്‍, ഷിഹാബ് എസ് പൈനുംമൂട്, ഫിലിപ്പോസ്, വിനോദ്, കരിമ്പാലില്‍ സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതിനിടെ എംഎല്‍എയും, എസിപിയും ഇടപെട്ട ഒത്ത് തീര്‍പ്പ് വ്യവസ്ഥ പ്രകാരം കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയ ഇരുപാര്‍ട്ടികളിലുംപെട്ട പന്ത്രണ്ടോളം വരുന്ന പ്രവര്‍ത്തകരില്‍ ആറ് പേരെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കിയും ബാക്കിയുള്ളവരെ സ്‌റ്റേഷന്‍ ജാമ്യത്തിലുമായി വിടുകയും ചെയ്തു.
Next Story

RELATED STORIES

Share it