Kollam Local

കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ഡിപോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

കരുനാഗപ്പള്ളി: ആവശ്യത്തിന് ബസ്സില്ലാത്തതിനാല്‍ കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. പല ഗ്രാമീണ മേഖലകളിലും മിക്ക ദിവസങ്ങളിലും ബസ്സില്ലാത്ത അവസ്ഥയാണ്.

ദിവസവും 94 ഷെഡ്യൂളുകളാണ് കരുനാഗപ്പള്ളി ബസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും 61 ഷെഡ്യൂളുകള്‍ മാത്രമാണ് അയക്കുന്നത്. 94 സര്‍വീസുകള്‍ അയക്കാന്‍ 102 ബസ്സുകളാണ് വേണ്ടത്. എന്നാല്‍ ഡിപ്പോയിലുള്ളത് 68ബസ്സുകള്‍ മാത്രമാണ്. ഇതില്‍ പലതും ഗ്യാരേജിലുമാണ്. സര്‍വീസുകള്‍ മുടങ്ങുന്നത് ഗ്രാമീണ മേഖലയെയാണ് സാരമായി ബാധിക്കുന്നത്. അഴീക്കല്‍, വെള്ളാനതുരുത്ത് ഉള്‍പ്പടെയുള്ള തീരദേശ മേഖലകളില്‍ മിക്ക സര്‍വീസുകളും ഓടുന്നില്ല.
തീരദേശ മേഖലക്ക് ഏറെ ആശ്രയമായിരുന്ന ആയിരം തെങ്ങ് വഴി കായംകുളം ചെയിന്‍ സര്‍വീസുകളില്‍ പലതും മുടങ്ങുന്നു. ഈ ചെയിന്‍ സര്‍വിസിലേക്ക് കരുനാഗപ്പള്ളിയില്‍ നിന്ന് നാലു ബസ്സുകള്‍ അയച്ചിരുന്നിടത്ത് ഇപ്പോള്‍ മിക്ക ദിവസങ്ങളും ഒന്നുമാത്രമായി ചുരുങ്ങി. ശാസ്താംകോട്ട വഴി കൊട്ടാരക്കര ദേശീയ പാതയില്‍ കൊല്ലം വഴി കൊട്ടാരക്കര, ദളവാപുരം-തെക്കുംഭാഗം ചെയിന്‍ സര്‍വീസുകളിലും പലതും മുടങ്ങുന്നുണ്ട്. തൊടിയൂര്‍ വഴി അടൂരിലേക്കുണ്ടായിരുന്ന സര്‍വീസ് വല്ലപ്പോഴും മാത്രമായി. പാവുമ്പാ, പതാരം, മലനട, തെക്കും ഭാഗം, തേവലക്കര തുടങ്ങി പലയിടത്തേക്കും ബസ് സര്‍വീസുകള്‍ പതിവായി മുടങ്ങുന്നു.
ബസ് സര്‍വീസ് മുടങ്ങുന്ന സ്ഥലങ്ങളിലുള്ളവര്‍ മറ്റ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കുന്നത് നിത്യസംഭവമാണ്. മറ്റ് ചില റൂട്ടുകള്‍ റദ്ദാക്കി ആ ബസ് ഇവിടേയ്ക്ക് അയച്ചാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. കൂടുതല്‍ കളക്ഷനുള്ള റൂട്ടുകള്‍ റദ്ദാക്കുന്നതിന് വരുമാനത്തെയും ജീവനക്കാരെയും ബാധിക്കുന്നുണ്ട്. സര്‍വീസ് പോയാല്‍ മാത്രമെ ജീവനക്കാര്‍ക്ക് പൂര്‍ണ്ണ ശമ്പളം ലഭിക്കൂ. ബസ് ഇല്ലാത്ത കാരണം സര്‍വീസുകള്‍ റദ്ദാക്കുന്നതിനാല്‍ പല ജീവനക്കാര്‍ക്കും ഡ്യൂട്ടി കുറയുന്നു. 12വര്‍ഷമാണ് ഒരു ബസ്സിന്റെ കാലാവധി എന്നാല്‍ ഇതിനനുസരിച്ച് പുതുതായി ബസ്സുകള്‍ അനുവദിക്കുന്നില്ല. അടുത്ത കാലത്തായി ആറ് ജന്റം ബസ്സുകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടെണ്ണം മാത്രമാണ് എത്തിയത്. ആവശ്യത്തിന് സ്‌പെയര്‍ പാര്‍ട്‌സ് ഇല്ലാത്തതിനാല്‍ ഗ്യാരേജില്‍ കയറിയ പല ബസ്സുകളും ഇറങ്ങുന്നുമില്ല. ഏഴോളം ബസ്സുകള്‍ ഗ്യാരേജില്‍ കട്ടപ്പുറത്താണ്. ആവശ്യത്തിന് ബസ്സുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി ദിവാകരന്‍ എംഎല്‍എ നിയമസഭയില്‍ സബ് മിഷന്‍ ഉന്നയിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിഇഎ(സിഐടിയു) ഒരു ദിവസം സൂചനാ സമരവും നടത്തിയിരുന്നു.
Next Story

RELATED STORIES

Share it