Kollam Local

കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ്ഭവന്‍ യൂത്ത്‌കോണ്‍ഗ്രസുകാര്‍ പൂട്ടി

കരുനാഗപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. യൂത്ത്‌കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കൂടിയായ സി ആര്‍ മഹേഷിന്റെ പരാജയമാണ് കോണ്‍ഗ്രസില്‍ കലാപത്തിന് കാരണായിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്താന്‍ കരുക്കള്‍ നീക്കിയെന്നാണ് യുവജനവിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ രാജീവ് അനുസ്മരണ ചടങ്ങിനായി കോണ്‍ഗ്രസ് ഭവനിലെത്തിയ മുതിര്‍ന്ന നേതാക്കളെ യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കള്‍ ഓഫിസില്‍ കയറ്റിയില്ല. ഓഫീസിന്റെ ചുമതലയുള്ള ശശിധരന്‍പിള്ളയെ ഓഫിസിനുള്ളിലിട്ട് പൂട്ടി. നിരവധി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഓഫിസ് ഉപരോധിച്ചു.
12 മണിയോടെ പോലിസ് എത്തിയാണ് ഓഫിസ് തുറന്നത്. വൈകീട്ട് യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി അനുസ്മരണം നടത്തിയശേഷം യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഓഫിസ് താഴിട്ട് പൂട്ടി. ഓഫിസില്‍ കരിങ്കൊടി ഉയര്‍ത്തി. പ്രസ്ഥാനത്തെ ഒറ്റികൊടുത്ത്, യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.ഇതിനിടെ മുന്‍ നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എം അന്‍സാറിനെതിരേ ടൗണില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
പാര്‍ട്ടിയെ വഞ്ചിച്ച അന്‍സാറിനെ തൂത്തെറിയുക എന്ന ആഹ്വാനവുമായി ഇറങ്ങിയ പോസ്റ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പ്രചരിക്കുന്നത്. അന്‍സാറിനെ ഗുരുതര ആരോപണങ്ങളുമായി ചില ഫേസ്ബുക്ക് പോസ്റ്റുകളും യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it