കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാന കള്ളനോട്ട് സംഘം പിടിയില്‍

കരുനാഗപ്പള്ളി: മറ്റു സംസ്ഥാനത്ത് നിന്നും കേരളത്തില്‍ കള്ളനോട്ട് വിതരണത്തിനായി എത്തിയ സംഘത്തിലെ മൂന്ന് പേര്‍ കരുനാഗപ്പള്ളിയില്‍ പോലിസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാള്‍ മള്‍ഡ ജില്ലയില്‍ രത്താ നോര്‍ത്ത് മഹാരാജാപൂറില്‍ റഫീഖുല്‍ (19), സാദി ഖുല്‍ (25), സാദിഖുല്‍ ഇസ്‌ലാം (32) എന്നിവരെയാണ് പോലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം ലോട്ടറി വാങ്ങുവാനായി റാഫി കൂള്‍ 1000 രൂപയുടെ നോട്ട് ലോട്ടറി വില്‍പനക്കാരന് കൈമാറി. കള്ള നോട്ടാണെന്ന് സംശയം തോന്നിയ ലോട്ടറിക്കാരന്‍ ഇയാളുമായി ചില്ലറ മാറാന്‍ എന്ന വ്യാജേന സമീപത്തെ എസ്ബിടി ശാഖയില്‍ എത്തുകയും നോട്ട് പരിശോധിപ്പിക്കുകയും ചെയ്തപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് ആയിരം രൂപയുടെ 12 വ്യാജ നോട്ടുകളും വ്യാജ നോട്ട് മാറിയെടുത്ത 40,000 രൂപയും കണ്ടെടുത്തു.
വിശദമായ ചോദ്യം ചെയ്യലില്‍ മറ്റു രണ്ട് പേരും ഇയാള്‍ക്കൊപ്പം ഉണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് നഗരത്തില്‍ നടത്തിയ തിരച്ചിലില്‍ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും സാദിക്ക് കൂളിനെയും പടനായര്‍ കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നും സാദിക്ക് കൂള്‍ ഇസ്‌ലാമിനെയും കണ്ടെത്തി. ഇവരുടെ പക്കല്‍നിന്ന് 61 ആയിരത്തിന്റെ വ്യാജ നോട്ടും മാറി എടുത്ത 71,500 രൂപയും കണ്ടെടുത്തു. അന്തര്‍ സംസ്ഥാന ബന്ധമുള്ള പ്രതികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലിസ് സംശയിക്കുന്നു.
Next Story

RELATED STORIES

Share it