Kollam Local

കരുനാഗപ്പള്ളിയിലെ ട്രെയിന്‍ യാത്ര ദുരിത പൂര്‍ണം

കരുനാഗപ്പള്ളി: ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട് എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രാ ദുരിതം രൂക്ഷം. ട്രെയിനിലല്ലാതെ ദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത റെയില്‍വേ സ്‌റ്റേഷനുകളാണ് പെരിനാട്, ശാസ്താംകോട്ട എന്നിവ. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ദൂര സ്ഥലങ്ങളിലേക്ക് വന്നു പോകുന്ന സ്‌റ്റേഷനുകളില്‍ ജീവനക്കാരുടെ കുറവുമൂലം എട്ട് പ്രധാന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് പിന്‍വലിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. യാത്രക്കാരും നാട്ടുകാരും മറ്റു ട്രെയിനുകള്‍ തടയുന്നത് ഉള്‍പ്പെടെ ശക്തമായ സമരത്തിനൊരുങ്ങുകയാണ്. റദ്ദാക്കപ്പെട്ട ട്രെയിനുകള്‍ ഇനി തുടരാന്‍ സാധ്യതയില്ലെന്നും റെയില്‍വേ ജീവനക്കാര്‍ പറയുന്നു. ട്രെയിനില്‍ ജീവനക്കാരെ നിയമിച്ച് നിര്‍ത്തലാക്കപ്പെട്ട എട്ട് ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ച് എംപിമാരും കേരള സര്‍ക്കാരും വകുപ്പ് മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചിരിക്കുകയാണ്. കേരളത്തിനോട് റെയില്‍വേ വകുപ്പ് കാണിക്കുന്ന അവഗണനയുടെ ഭാഗമായിട്ടാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥരും മറ്റു യാത്രക്കാരും സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയതെന്ന് ആരോപണമുണ്ട്. ഇത് മാര്‍ച്ച് മാസത്തോടെ പൂര്‍ണ്ണമായും റദ്ദാക്കാനാണ് റെയില്‍വേയുടെ നീക്കം. കൊല്ലം ജില്ലയില്‍ എട്ട് കോടിയിലധികം രൂപ വരുമാനമുള്ള കരുനാഗപ്പള്ളി ബി ഗ്രേഡ് ആക്കി ഉയര്‍ത്താതെ വികസനം കാത്തു കിടക്കുന്ന റെയില്‍വേ സ്‌റ്റേഷനാണ്. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച തകര്‍ന്ന കൂരയിലാണ് സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര പൊട്ടി മഴയില്‍ ചോര്‍ന്ന് ഒലിക്കുകയാണ്. സ്‌റ്റേഷന്‍ മാസ്റ്ററുടെ റൂം നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം യന്ത്രോപകരണങ്ങളുടെ കൂട്ടത്തിനിടയില്‍ ബുദ്ധിമുട്ടുകയാണ്. സ്‌റ്റേഷനില്‍ ഒരു കംഫര്‍ട്ട് സ്‌റ്റേഷന്‍ പോലുമില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. 150 ട്രെയിനുകള്‍ ഇരു ദിശകളിലേക്കും കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ വഴി ദിനംപ്രതി പോകുമ്പോള്‍ കുറച്ച് ട്രെയിനുകള്‍ക്ക് മാത്രമാണ് കരുനാഗപ്പള്ളിയില്‍ സ്‌റ്റോപ്പുള്ളത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി ഗ്രേഡ് ആയി ഉയര്‍ത്തേണ്ട കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ ഇനിയും ബി ഗ്രേഡ് ആയി ഉയര്‍ത്തുന്നില്ല. ബി ഗ്രേഡ് ആക്കി ഉയര്‍ത്തിയാല്‍ ഓഫിസിന്റെ പുനര്‍നിര്‍മാണങ്ങളും പശ്ചാത്തല സൗകര്യങ്ങളും മറ്റു വികസന പ്രവര്‍ത്തനങ്ങളും നടക്കാന്‍ സാധ്യതയുണ്ട്. അതുപോലെ മദ്രാസ് മെയില്‍ ഉള്‍പ്പടെ നിരവധി ട്രെയിനുകള്‍ക്ക് കരുനാഗപ്പള്ളിയില്‍ സ്‌റ്റോപ്പ് അനുവദിക്കാനും സാധ്യതയുണ്ട്. ഇത് റെയില്‍വേ വകുപ്പ് ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും എംപിമാര്‍ മാറി മാറി കരുനാഗപ്പള്ളിയെ പ്രതിനിധീകരിച്ച് വരുന്നുവെങ്കിലും കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ വികസനം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നടപ്പാക്കാനുള്ള നടപടികള്‍ മാത്രം നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
Next Story

RELATED STORIES

Share it