Cricket

കരുത്തരാണ് മുംബൈയും ചെന്നൈയും, ഐപിഎല്ലിന്റെ ആവേശക്കാഴ്ചകള്‍ ഏപ്രില്‍ ഏഴ് മുതല്‍

കരുത്തരാണ് മുംബൈയും ചെന്നൈയും, ഐപിഎല്ലിന്റെ ആവേശക്കാഴ്ചകള്‍ ഏപ്രില്‍ ഏഴ് മുതല്‍
X



മുംബൈ: വീണ്ടുമൊരു ഐപിഎല്‍ കാലമെത്തുന്നു. അവസാന രണ്ട് സീസണില്‍ ഇല്ലാതിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും വിലക്കിന് ശേഷം തിരിച്ചെത്തുന്നു എന്നതാണ് ഈ സീസണിലെ പ്രധാന പ്രത്യേകത. ഈ മാസം ഏഴിന് തുടങ്ങുന്ന ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഇത്തവണത്തെ താരലേലവും ഏറെ ശ്രദ്ധേയമായിരുന്നു. പല സൂപ്പര്‍ താരങ്ങളേയും ടീമുകള്‍ നിലനിര്‍ത്താതെ കൈവിട്ടതും പല പ്രമുഖ താരങ്ങള്‍ക്കും പ്രതീക്ഷിച്ച വില ലഭിക്കാതിരുന്നതും ഇത്തവണത്തെ ഐപിഎല്ലിന്റെ സവിശേഷതയാണ്. 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഐപിഎല്‍ പൂരത്തിലെ കരുത്തരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ ടീമുകളെ പരിചയപ്പെടാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷം വിലക്ക് നേരിട്ട് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതാപത്തിന് ഒട്ടും കോട്ടം തട്ടിയിട്ടില്ല.  ഐപിഎല്ലില്‍ രണ്ട് തവണ കിരീടമുയര്‍ത്തി മഞ്ഞപ്പടയാളികള്‍ ഇത്തവണയും കരുത്തോടെയാണ് പോരിനിറങ്ങുന്നത്. എം എസ് ധോണി നായകസ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലകനായുള്ളത് മുന്‍ ന്യൂസിലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സ്റ്റീഫന്‍ ഫഌമിങാണ്. നേരത്തെ ടീമിലുണ്ടായിരുന്ന മിക്ക താരങ്ങളേയും ചെന്നൈ ഈ സീസണില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തവണ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിനെ കൈവിട്ട ചെന്നൈ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങിനെ ടീമിലെത്തിച്ചു. കൂടാതെ മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡുവിനെയും ചെന്നൈ ഇത്തവണ റാഞ്ചിയെടുത്തു. വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ, ഇന്ത്യയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, മുരളി വിജയ് ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങി മികച്ച നിരതന്നെയാണ് ചെന്നൈക്കൊപ്പമുള്ളത്.

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ നായകനായുള്ള മുംബൈ ഇന്ത്യന്‍സ് നിലവിലെ ജേതാക്കളെന്ന ബഹുമതിയോടെയാണ് ഐപിഎല്ലിന്റെ 11ാം സീസണിലെത്തുന്നത്. ഐപിഎല്ലില്‍ മൂന്ന് തവണ കപ്പില്‍ മുത്തമിട്ട മുംബൈ നിര ഇത്തവണയും ഒരുങ്ങിത്തന്നെയാണിറങ്ങുന്നത്. ലസിത് മലിംഗ എന്ന മുംബൈയുടെ ബൗളിങ് കരുത്ത് ഇത്തവണ ടീമിനൊപ്പം കളിക്കില്ലെങ്കിലും മികച്ച താരങ്ങള്‍ തന്നെയാണ് ടീമിനൊപ്പമുള്ളത്. ബാറ്റിങില്‍ ജെ പി ഡുമിനി, മായങ്ക് അഗര്‍വാള്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ആദിത്യ താരെ, സൗരവ് തിവാരി, സൂര്യകുമാര്‍ യാദവ് , ഇഷാന്‍ കിഷന്‍, ഇവിന്‍ ലെവിസ് എന്നിവര്‍ മുംബൈക്ക് കരുത്തേകുമ്പോള്‍ ബൗളിങ് നിരയില്‍ ജസ്പ്രീത് ബൂംറ തന്നെയാണ് മുംബൈയുടെ കുന്തമുന. പാറ്റ് കുമ്മിന്‍സ്, ബെന്‍ കട്ടിങ്, അഖില ധനഞ്ജയ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരും മുംബൈയുടെ കരുത്താണ്. ഇവരോടൊപ്പം പൊള്ളാര്‍ഡിന്റെയും ഹര്‍ദിക്കിന്റെയും ക്രുണാലിന്റെയും ഓള്‍ റൗണ്ട് പ്രകടനവും കൂടി ചേരുമ്പോള്‍ വീണ്ടുമൊരു കപ്പുയര്‍ത്താനുള്ള കെല്‍പ്പ് മുംബൈ ടീമിനുണ്ട്. മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയാണ് മുംബൈയുടെ പരിശീലകന്‍.
Next Story

RELATED STORIES

Share it