കരുത്തനായി യെച്ചൂരി; സമവാക്യങ്ങളില്‍ മാറ്റമുണ്ടാവും

ഹൈദരാബാദ്: അസാധാരണമായ സംഭവ വികാസങ്ങള്‍ക്കും വലിയ അഭിപ്രായഭിന്നതകള്‍ക്കും നേര്‍സാക്ഷിയായാണ് സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചത്. കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടിയിലെ കെട്ടുറപ്പിന് നേരിട്ട വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും വരുംദിവസങ്ങളില്‍ വിഷയം സങ്കീര്‍ണമാവുമെന്നതില്‍ സംശയമില്ല. കൂടാതെ, ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി കരുത്തനാവുന്നതും പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ ഭാവിയില്‍ മാറ്റിയെഴുതും.
സീതാറാം യെച്ചൂരിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകവും പ്രകാശ് കാരാട്ടും അദ്ദേഹത്തെ അനുകൂലിക്കുന്ന കേരള ഘടകവും ബലാബലം പരീക്ഷിച്ച പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മുന്‍തൂക്കം കാരാട്ട് പക്ഷത്തിനായിരുന്നു. എന്നാല്‍, കര്‍ക്കശമായ നിലപാടുകളിലൂടെ കാരാട്ട് പക്ഷത്തിന്റെ സ്വാധീനം  കുറയ്ക്കാന്‍ യെച്ചൂരിക്കും ഒപ്പമുള്ളവര്‍ക്കും സാധിച്ചു. ഇതിന്റെ പ്രതിഫലനം കേരള ഘടകത്തിലും അലയടിക്കുമെന്നതില്‍ സംശയമില്ല. വിഎസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണ നേടുന്നതിലും യെച്ചൂരി വിജയിച്ചതോടെ കേരള ഘടകവും സമ്മര്‍ദത്തിലായിട്ടുണ്ട്. കാരാട്ടിന് ഉറച്ച പിന്തുണ നല്‍കിയ കേരള ഘടകത്തിനുപോലും പത്തിമടക്കേണ്ടിവന്നതും  ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച യെച്ചൂരിയുടെ നിലപാടുകളെ മുമ്പ് കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയപ്പോള്‍ അദ്ദേഹം രാജിസന്നദ്ധത വരെ അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ്സില്‍  സാഹചര്യമാകെ മാറി. 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പിന്തുണ ക്കൊപ്പം രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യത്തിലൂടെ കാരാട്ട് പക്ഷത്തെ സമ്മര്‍ദത്തിലാക്കാനും യെച്ചൂരിക്ക് കഴിഞ്ഞു. രഹസ്യ വോട്ടെടുപ്പില്‍ കേരളത്തില്‍ നിന്നുള്‍െപ്പടെ യെച്ചൂരിക്ക് പിന്തുണ ലഭിക്കുമെന്ന ധാരണയും സമവായത്തിനു വഴിതുറന്നു. ഇതിനു പുറമേ, കേന്ദ്രകമ്മിറ്റി, പിബി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലടക്കം രഹസ്യ വോട്ടെടുപ്പെന്ന സാഹചര്യവും സമവായ ചര്‍ച്ചകളിലൂടെ പരിഹാരിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞു. പിബിയില്‍ നേരിയ മുന്‍തൂക്കം കാരാട്ടിനാണെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരി കരുത്തനാണെന്നാണു വിലയിരുത്തല്‍. പിബിയില്‍ നിന്നു കാരാട്ട് അനുകൂലിയായ എ കെ പത്മനാഭന്‍ പുറത്തായെങ്കിലും ബംഗാളില്‍ നിന്നു പുതുതായെത്തിയ രണ്ടുപേര്‍ ഇരുവിഭാഗത്തെയും പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍, കേന്ദ്രകമ്മിറ്റിയിലേക്ക് കടന്നുവന്ന 19 പേരില്‍ യെച്ചൂരി അനുകൂലികള്‍ ഏറെയുണ്ടെന്നാണു വിലയിരുത്തല്‍. രാജ്യസഭാ എംപിയായിരുന്നപ്പോള്‍ മോദി സര്‍ക്കാരിനെതിരേ സഭയില്‍ നിരന്തരം വിമര്‍ശനം നടത്തിയ നേതാവായിരുന്നു യെച്ചൂരി. പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവു കാരണം രാജ്യസഭയില്‍ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
എന്നാല്‍, 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് തിരശ്ശീല വീണപ്പോള്‍ എതിരാളികളുടെ നീക്കങ്ങളെ സമര്‍ഥമായി നേരിട്ട യെച്ചൂരി കൂടുതല്‍ കരുത്തും പിന്തുണയും നേടിയാണ് ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തന്റെ രണ്ടാമൂഴം ആരംഭിക്കുന്നത്. ബിജെപിക്കെതിരെ  മതേതത ചേരികളെ ഒപ്പം നിര്‍ത്തുന്നതില്‍ വിജയിച്ചാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാമെന്നതില്‍ സംശയമില്ല.
Next Story

RELATED STORIES

Share it