കരുണ മെഡി. കോളജ് ഉള്‍പ്പെടെ 18 സ്ഥാപനങ്ങള്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയിച്ച അഡ്മിഷന്‍ ഫീ റഗുലേറ്ററി കമ്മിറ്റിയുടെ നടപടിക്കെതിരേ പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ 18 സ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു.
2017-18ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസ് നിശ്ചയിച്ച് 2017 നവംബര്‍ 23ന് കമ്മിറ്റി പുറത്തിറക്കിയ ഉത്തരവാണ് ഹരജിക്കാര്‍ ചോദ്യം ചെയ്യുന്നത്. എന്‍ആര്‍ഐ വിദ്യാര്‍ഥികളല്ലാത്തവരില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ഫീസായി ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇത് 11 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹരജി തീര്‍പ്പാകും വരെ കമ്മിറ്റി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം. സുപ്രിംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ പ്രകാരമുള്ള തത്ത്വങ്ങളും കമ്മിറ്റിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടുണ്ടാക്കിയ ആക്റ്റിലെ ഉള്ളടക്കവും അനുസരിച്ച് ഫീസ് നിര്‍ണയിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കുള്ള അധികാരം കവര്‍ന്നെടുക്കുന്നതാണ് കമ്മിറ്റിയുടെ നടപടി.  സ്വന്തമായി ഫീസ് നിശ്ചയിക്കുകയും സൂപ്പര്‍ ഓഡിറ്ററായും പ്രവര്‍ത്തിക്കുകയാണ് കമ്മിറ്റിയെന്നും ഹരജിയില്‍ പറയുന്നു.
എന്നാല്‍  ഇതിനെതിരേ കേസില്‍ കക്ഷിചേരാന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ തീരുമാനം. മാനേജ്‌മെന്റുകളുടെ നിലപാടിനെ എതിര്‍ക്കുന്നതിനായി ഓള്‍ കേരള പ്രൈവറ്റ് സ്റ്റുഡന്റ്‌സ് പാരന്റ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചാണ് രക്ഷിതാക്കള്‍ നിയമയുദ്ധത്തിനു തയ്യാറെടുക്കുന്നത്. മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് ഭീമമായ ഫീസ് ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നാസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it