കരുണ എസ്‌റ്റേറ്റ്: സര്‍ക്കാരിന് കെപിസിസിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാരിന് കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം. കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കാന്‍ അനുമതിനല്‍കിയ ഉത്തരവ് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചെന്നായിരുന്നു പ്രധാന വിമര്‍ശനം.
കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരായിരുന്നു പ്രധാനമായും ഈ വിഷയത്തില്‍ സര്‍ക്കാരിനെയും റവന്യൂവകുപ്പിനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റവന്യൂ വകുപ്പില്‍ നിന്ന് അടിക്കടിയുണ്ടാവുന്ന ഉത്തരവുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെയും മുന്നണിയുടെ സാധ്യതകളെയും ദോഷകരമായി ബാധിക്കും. വിവാദമായ ശേഷവും ഉത്തരവു പിന്‍വലിക്കാതെ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാനുള്ള ഉന്നതതല യോഗതീരുമാനത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു. എജി എസ്റ്റേറ്റ് ലോബിയുടെ വക്താവാണെന്ന് ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉത്തരവു നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം ജനങ്ങള്‍ക്കിടയില്‍ സംശയത്തിനിടയാക്കും. മെത്രാന്‍ കായല്‍, കടമക്കുടി വിഷയങ്ങളില്‍ അടക്കം റവന്യൂവകുപ്പ് അടുത്തിടെ സ്വീകരിച്ച നടപടികളൊക്കെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഇക്കാര്യത്തില്‍ വകുപ്പുമന്ത്രി അടൂര്‍ പ്രകാശിനെതിരേയും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
ഈ വിഷയങ്ങളില്‍ തന്റെ നിലപാട് വി എം സുധീരന്‍ യോഗത്തിലും ആവര്‍ത്തിച്ചു. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളിലെ പുരോഗതി യോഗം വിലയിരുത്തി. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. എ കെ ആന്റണിയും ഇക്കാര്യത്തില്‍ തന്റെ നിലപാട് യോഗത്തെ അറിയിച്ചു.
Next Story

RELATED STORIES

Share it