കരുണാകരനെ ചതിച്ച കഥകള്‍ ആരും ചര്‍ച്ച ചെയ്യേണ്ട: കെ മുരളീധരന്‍

കോഴിക്കോട്: കെ കരുണാകരനെ ചതിച്ച കഥകള്‍ ഇനി ആരൂം ചര്‍ച്ച ചെയ്യേണ്ടെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ. ഒരേ ഇലയില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍വരെ കരുണാകരനെ ചതിച്ചിട്ടുണ്ട്. എന്നാല്‍, അത്തരം കാര്യങ്ങള്‍ ചര്‍ച്ചക്കെടുത്ത് വലിയ വിവാദമുണ്ടായാല്‍ അത് താങ്ങാന്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫിസില്‍ സംഘടിപ്പിച്ച ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.
കെ കരുണാകരനെ ചതിച്ചവര്‍ ധാരാളമുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കരുണാകരനെ കുടുക്കി രാജിവയ്പിച്ച ചരിത്രമൊക്കെ ഇപ്പോള്‍ അയവിറക്കിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരുമിച്ച് സമുദ്രത്തില്‍ താഴ്ന്നുപോവും. ചാരക്കേസ് മാത്രമല്ല; പഴയ തട്ടില്‍ എസ്റ്റേറ്റ് കൊലക്കേസിലും രാജന്‍ കേസിലും പാമോലിന്‍ കേസിലുമെല്ലാം കരുണാകരനെപ്പെടുത്താന്‍ കൂടെനില്‍ക്കുന്നവര്‍ ശ്രമിച്ചിട്ടുണ്ട്. പഴയ ചതിക്കഥകള്‍ ഓര്‍ത്ത് അത് വിളിച്ചുപറയാന്‍ തുടങ്ങിയാല്‍ പിന്നെ പടയൊരുക്കം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ബിജെപിക്കുമെതിരേ ആവില്ല. കോണ്‍ഗ്രസ്സുകാര്‍ തമ്മിലാവും.
സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റാന്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ട സമയമാണിത്. വികസന പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ പ്രദേശവാസികളുടെ പിന്തുണ ഉറപ്പാക്കിയ നേതാവായിരുന്നു കെ കരുണാകരന്‍. നല്ല വികസന പദ്ധതികള്‍ എങ്ങനെ തെറ്റായി നടപ്പാക്കാം എന്നാണ് പിണറായി സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഗെയില്‍ വാതക പദ്ധതിക്കെതിരേ മുക്കത്തും പുതുവൈപ്പിനിലുമെല്ലാം പ്രദേശവാസികള്‍ നടത്തുന്ന സമരം സര്‍ക്കാരിന്റെ തെറ്റായ ഇടപെടല്‍ മൂലമാണെന്നും മുരളീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it