കരുണയുടെ നിറങ്ങള്‍

ജംഷീര്‍ കൂളിവയല്‍
നിങ്ങളുടെ ഹൃദയം ഒരു അഗ്‌നിപര്‍വതമാണെങ്കില്‍, അവിടെങ്ങും പൂക്കള്‍ വിടരണമെന്നു നിങ്ങള്‍ക്കെങ്ങനെയാണ് പ്രതീക്ഷിക്കാനാവുക-ഖലീല്‍ ജിബ്രാന്‍

നീതികേടിന് സാക്ഷി നില്‍ക്കേണ്ടി വന്ന തെരുവിലെ ചുവരുകളില്‍ പതിഞ്ഞ രക്തക്കറകള്‍ക്ക് കലാപത്തോളം തന്നെ സംവദിക്കാന്‍ കഴിയും. ആശ്വാസം ലഭിക്കുമെന്ന ഉറപ്പിലാണ് ചുവരുകളില്‍ തല ചേര്‍ത്തു വിതുമ്പുന്നത്. കലാലയ ചുവരുകളിലെ വരകള്‍ പ്രണയത്തോടൊപ്പം പ്രതികാരത്തെയും പ്രതിനിധീകരിക്കാറുണ്ട്. അകത്തെ ചുവരുകള്‍ പക്ഷേ, പുറം കാഴ്ച പോലെ സുന്ദരമാവണമെന്നില്ല. കാരാഗൃഹത്തിന്റെയോ പ്രവാസത്തിന്റെയോ ചുവരുകള്‍ക്ക് ഇരുണ്ട നിറം കൈവരുന്നതിങ്ങനെയാണ്. അഥവാ, നിറമാണ് ചുവരുകളുടെ ജീവന്‍, ചുവരുകളില്‍ പ്രതിഫലിക്കുന്ന നിറമാകട്ടെ ചുവരുകള്‍ സാക്ഷിയാകേണ്ടി വരുന്ന ജീവിതങ്ങളുടെ നിറമാണ്. വയനാട്ടിലെ പുല്‍പ്പള്ളി മങ്ങാരത്ത് വീടിന്റെ ചുവരുകളില്‍ പൂക്കള്‍ വിരിയാറുണ്ട്, കാതോര്‍ത്താല്‍ കിളിമൊഴികള്‍ കേള്‍ക്കാം. വീട്ടിലെ ചുവരുകള്‍ കുട്ടികള്‍ ചിത്രം വരച്ച് വൃത്തികേടാക്കുന്നുവെന്നാണ് സാധാരണ രക്ഷിതാക്കളുടെ പരാതി. എന്നാല്‍, മങ്ങാരത്തു വീട്ടില്‍ അങ്ങനെയല്ല, രക്ഷിതാക്കള്‍ ബ്രഷും ചായവും എടുത്ത് കുട്ടികളുടെ കൈയില്‍ കൊടുക്കും ചുവരുകളില്‍ ചിത്രം വരയ്ക്കാന്‍. അങ്ങനെ മങ്ങാരത്ത് ബിനൂസിന്റെ വീടിന്റെ ചുവരുകളില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. ചിത്രകലാധ്യാപകനായ ബിനൂസും ഭാര്യയും മക്കളും വരച്ചു വരച്ചു തങ്ങളുടെ വീടൊരു ചിത്രവീട് തന്നെയാക്കി മാറ്റി. ബിനൂസിന്റെ ഭാര്യയായി ഷിനി മങ്ങാരത്ത് വീട്ടിലെത്തിയപ്പോള്‍ ചുവരുകള്‍ കണ്ട് അമ്പരന്നു. വീട് വൃത്തിയാക്കാന്‍ ഏറെ പാടുപെടേണ്ടി വരുമെന്ന് നെടുവീര്‍പ്പോടെ കണക്കുകൂട്ടിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കൈയില്‍ കിട്ടിയത് ബക്കറ്റും ചൂലുമല്ല, ബ്രഷും ചായവും. ഇപ്പോള്‍ ചുവരുകളിലെ ചിത്രങ്ങളില്‍ പലതും ഷിനിയുടേതു കൂടിയാണ്. 16 വര്‍ഷമായി ബിനൂസ് ചുവരുകളില്‍ വരയോട് വരയായിരുന്നു. ഒഴിവുസമയങ്ങളിലെല്ലാം രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയുള്ള വര. വരച്ചു വരച്ചു വീടിന്റെ ഉമ്മറത്തെയും പ്രധാന മുറികളിലെയും ചുവരുകളെല്ലാം വര്‍ണക്കൂട്ടുകളാല്‍ സമ്പന്നം. പൂമരങ്ങളും പറവകളും തടാകവും ഗ്രാമക്കാഴ്ചകളുമെല്ലാം ബിനൂസിന്റെ വീടിന്റെ ചുവരുകളെ ജീവനുറ്റതാക്കുന്നു. അങ്ങനെ ഇന്നിതൊരു ചിത്രവീടായി മാറി. സുല്‍ത്താന്‍ ബത്തേരി നിര്‍മലമാതാ സ്‌കൂളിലാണ് ബിനൂസ് ചിത്രകലാധ്യാപകനായി ജോലി ചെയ്യുന്നത്. പുല്‍പ്പള്ളിയിലും സുല്‍ത്താന്‍ ബത്തേരിയിലൂം 16 വര്‍ഷമായി രവിവര്‍മാ ചിത്രകലാ വിദ്യാലയം എന്ന പേരില്‍ ഒരു സ്‌കൂളും നടത്തുന്നുണ്ട്. വര്‍ണങ്ങളുടെ ലോകത്ത് ബിനൂസിനും സഹധര്‍മിണി ഷിനിക്കുമൊപ്പം മക്കളായ സൂസനും അക്‌സയുമുണ്ട്. തങ്ങള്‍ വരച്ച ചിത്രങ്ങളുള്‍പ്പെടുത്തി ഇനിയൊരു ചിത്രപ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നുണ്ടെന്ന് ബിനൂസ് പറയുന്നു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യം. അങ്ങനെ, ഈ ചുവരുകളിലെ നിറച്ചാര്‍ത്തുകളില്‍ കാരുണ്യത്തിന്റെയും ചായം പുരളുന്നു.
Next Story

RELATED STORIES

Share it