കരീമിനു കരയാന്‍ ഇനി കണ്ണീര്‍ ബാക്കിയില്ല

കരീമിനു കരയാന്‍ ഇനി കണ്ണീര്‍ ബാക്കിയില്ല
X
kareemഈരാറ്റുപേട്ട(കോട്ടയം): അറുപത്തിനാലുകാരനായ പി എസ് അബ്ദുല്‍ കരീമിന്റെത് സമാനതകളില്ലാത്ത സങ്കടങ്ങള്‍. തീവ്രവാദ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി രണ്ടു മക്കള്‍ കാരാഗൃഹത്തില്‍. നീതിക്കുവേണ്ടിയുള്ള അന്തമില്ലാത്ത അലച്ചിലില്‍ കരീമിന് സഹായത്തിന് ഉണ്ടായിരുന്ന മകളുടെ ഭര്‍ത്താവും സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെ കരീം അക്ഷരാര്‍ഥത്തില്‍ തളര്‍ന്നിരിക്കുകയാണ്.

പാനായിക്കുളം കേസില്‍ എ ന്‍ഐഎ കോടതി കഴിഞ്ഞ ദിവസം 14 വര്‍ഷം കഠിനതടവിനു ശിക്ഷിച്ച ഈരാറ്റുപേട്ട നടയ്ക്കല്‍ പാറക്കല്‍ വീട്ടില്‍ അബ്ദു ല്‍ റാസിഖ് വിവാഹം ചെയ്തത് അബ്ദുല്‍ കരീമിന്റെ മകള്‍ ഫൗസിനയെയാണ്. കരീമിന്റെ മൂത്ത മകനായ ശാദുലിയും മൂന്നാമത്തെ മകനായ ശിബിലിയും സിമി ബന്ധം ആരോപിക്കപ്പെട്ട് 2008 മുതല്‍ ജയിലിലാണ്. മക്കള്‍ക്കു വേണ്ടിയുള്ള കരീമിന്റെ നിരന്തര പോരാട്ടത്തില്‍ മരുമകന്‍ റാസിഖായിരുന്നു ഇതേവരെ തുണ. പാനായിക്കുളം കേസില്‍ റാസിഖിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ശാദുലിയും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

വീടിനു സമീപം ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്നു റാസിഖ്. 2007 ആഗസ്ത് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ പരസ്യമായ സ്വാതന്ത്ര്യദിന പരിപാടിയാണു നടന്നതെന്നതു കൊണ്ടുതന്നെ ഇത്തരമൊരു കേസും ശിക്ഷയും വന്നുഭവിക്കുമെന്ന് റാസിഖുള്‍പ്പെടെയുള്ളവര്‍ ആശങ്കപ്പെട്ടിരുന്നില്ല. ഏഴു വയസ്സി ല്‍ താഴെ പ്രായമുള്ള മൂന്നു മക്കളാണ് റാസിഖിന്. പുസ്തക പ്രസാധനവും സംസ്‌കാരിക പരിപാടികളുമായി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് പാനായിക്കുളം സിമി കേസില്‍ യുവാവ് അകപ്പെട്ടത്.

2008 മാര്‍ച്ചിലാണ് കരീമിന്റെ മക്കളായ ശിബിലിയെയും ശാദുലിയെയും സിമി ബന്ധമാരോപിച്ച് ഇന്‍ഡോറില്‍ പോലിസ് അറസ്റ്റ് ചെയ്തത്. അക്കാലയളവില്‍ രാജ്യവ്യാപകമായി അരങ്ങേറിയ പ്രധാന സിമി വേട്ട കേസുകളിലെല്ലാം ശിബിലിയും ശാദുലിയും പ്രതിചേര്‍ക്കപ്പെട്ടു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശിബിലിയെ കാണാന്‍ സുഹൃത്ത് അന്‍സാറുമായി ഇന്‍ഡോറില്‍ ചെന്നപ്പോഴാണ് മൂവരും അറസ്റ്റിലായത്. മുംബൈ സബര്‍ബെന്‍ ട്രെയിന്‍ സ്‌ഫോടന കേസിലും ഹുബ്ലി സിമി ഗൂഢാലോചന കേസിലും ഇവര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. രണ്ടു കേസുകളിലും മുഴുവന്‍ കുറ്റാരോപിതരെയും കോടതികള്‍ പിന്നീട് വെറുതെ വിട്ടു.

ഗുജറാത്ത് സ്‌ഫോടന കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ശാദുലി ആറു വര്‍ഷം അഹ്മദാബാദ് സെന്‍ട്രല്‍ ജയിലിലായിരുന്നു. പാനായിക്കുളം കേസില്‍ പ്രതിയായതോടെ ശാദുലിയെയും അന്‍സാറിനെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. പാനായിക്കുളം കേസില്‍ തിങ്കളാഴ്ച ശിക്ഷ വിധിക്കപ്പെട്ട റാസിഖ് ഉള്‍പ്പെടെയുള്ള അഞ്ചു പേരെയും വിയ്യൂരിലാണു പാര്‍പ്പിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ കോടതിയിലെ അന്തിമ വിചാരണയില്‍ സത്യം തന്നെ വിജയിക്കുമെന്ന പ്രതീക്ഷയാണ് ആ കുടുംബത്തിന് ധൈര്യം പകരുന്നത്. അബ്ദു ല്‍ കരീം റിട്ട. യുപി സ്‌കൂള്‍ അധ്യാപകനാണ്.

Next Story

RELATED STORIES

Share it