Kollam Local

കരീപ്ര പാട്ടുപുരയ്ക്കല്‍ ഏലായില്‍ 70 ഏക്കറിലെ നെല്‍കൃഷി കരിഞ്ഞുതുടങ്ങി

കൊട്ടാരക്കര: വെള്ളമില്ലാതെ കരീപ്ര പാട്ടുപുരയ്ക്കല്‍ ഏലായില്‍ 70 ഏക്കറിലെ നെല്‍കൃഷി കരിഞ്ഞു തുടങ്ങി. കെഐപി കനാല്‍ തുറക്കാത്തതാണ് കര്‍ഷകരെ ദുരിതകയത്തില്‍ ആക്കിയത്. ജില്ലയില്‍ നെല്‍കൃഷിയില്‍ മാതൃക തീര്‍ത്ത  പ്രമുഖ ഏലയാണ് പാട്ടുപുരയ്ക്കല്‍.
64 കര്‍ഷകര്‍ ചേര്‍ന്ന് വായ്പയെടുത്താണ് 70 ഏക്കറില്‍ നെല്‍കൃഷി ഇറക്കിയത്. വേനല്‍ നേരത്തെ എത്തി കാഠിന്യം അധികമായതോടെ 35 ദിവസം പ്രായമെത്തിയ നെല്‍കൃഷി ഉണങ്ങി തുടങ്ങി. കനാല്‍ തുറക്കുന്നത് പ്രതീക്ഷിച്ചാണ് കര്‍ഷകര്‍ കൃഷി ഇറക്കിയത്. പ്രതീക്ഷിച്ച മഴ ലഭിക്കാതെയും കനാല്‍ തുറക്കാതായതോടെയും വന്‍ തുക കടമെടുത്ത് കൃഷി ഇറക്കിയ കര്‍ഷകര്‍ ആശങ്കയിലാണ്. കരീപ്ര പഞ്ചായത്തില്‍ വെള്ളമെത്തുന്നത് ഇടതുകര കനാലിന്റെ തൃപ്പലഴികം, കടയ്‌ക്കോട് സബ് കനാലുകളിലൂടെയാണ്. കഴിഞ്ഞ ആഴ്ച ഇടതുകര കനാല്‍ തുറന്നെങ്കിലും പാട്ടു പുരയ്ക്കല്‍ ഏലാ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്ന തൃപ്പലഴികത്ത് നിന്നുള്ള സബ് കനാലിലേക്ക് വെള്ളം ഒഴുകി എത്തുംമുമ്പേ ഇടതുകര കനാല്‍ അടച്ചു.  കടയ്‌ക്കോട് നിന്നുള്ള സബ് കനാലിലേക്ക്  വെള്ളം ഒഴുകി എത്തിയതിനാല്‍ പഞ്ചായത്തില്‍ ഒരു ഭാഗത്ത് താല്‍ക്കാലികമായി വെള്ളം ലഭിച്ചു.  കൊട്ടാരക്കര ഇടിസി ഭാഗത്ത് കനാലില്‍ വിള്ളലുണ്ടായി വെള്ളം പുറത്തേക്ക് ഒഴുകിയതിനെതുടര്‍ന്നാണ് കനാല്‍ അടച്ചത്. അറ്റകുറ്റ പണിക്കുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളം ഒഴുകി തുടങ്ങുമ്പേഴേക്കും നെല്‍കൃഷി പൂര്‍ണമായി നശിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കനാല്‍ വൃത്തിയാക്കുന്നതിനും അറ്റകുറ്റ പണി നടത്തുന്നതിലും അധികൃതര്‍ വരുത്തിയ കാലതാമസമാണ് കനാല്‍ അടയ്ക്കാന്‍ ഇടയാക്കിയത്. സപ്ലൈകോ മാസങ്ങള്‍ക്കു മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇതുവരെ ലഭിച്ചിട്ടില്ല. സപ്ലൈകോ നല്‍കിയ ടോക്കണുമായി കര്‍ഷകര്‍ ബാങ്കിലെത്തി പണം കൈപ്പറ്റണമെന്നാണ് അറിയിച്ചത്. സപ്ലൈകോയും ബാങ്കും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് കര്‍ഷകര്‍ക്ക് നെല്‍വില ലോണായി നല്‍കാനും ലോണ്‍ തുക സര്‍ക്കാര്‍ പിന്നീട് അടയ്ക്കുമെന്നാണ് ധാരണ. എന്നാല്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ തയ്യാറാകുന്നില്ല. രാസവളം വാങ്ങുന്നതിന് കര്‍ഷകര്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ആധാര്‍ കാര്‍ഡുമായി കര്‍ഷകര്‍ നേരിട്ട് എത്തി വിരലടയാളം പതിച്ചെങ്കില്‍ മാത്രമേ വളം ലഭിക്കു. കൈത്തഴമ്പുള്ള കര്‍ഷകരുടെ വിരലടയാളം പതിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. കൃഷിയില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്ന നടപടിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും വെള്ള ക്ഷാമം പരിഹരിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Next Story

RELATED STORIES

Share it