Pathanamthitta local

കരിമ്പ് കൃഷി മടക്കികൊണ്ടുവരാന്‍ ഒരുങ്ങി തിരുവല്ല താലൂക്ക്



തിരുവല്ല: വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിമ്പിന്റെ നാടായിരുന്ന തിരുവല്ല താലൂക്ക് പ്രദേശം വീണ്ടും കരിമ്പ് കൃഷിയിലൂടെ ഒരു മാറ്റത്തിനായി ഒരുങ്ങുന്നു. നെടുമ്പ്രം, പെരിങ്ങര, നിരണം, കുറ്റൂര്‍ കടപ്ര എന്നീ പഞ്ചായത്ത് പ്രദേശങ്ങളായിരുന്നു ഒരിക്കല്‍ കരിമ്പ് കൃഷിയില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. പുളിക്കീഴിലെ പമ്പാ ഷുഗര്‍ ഫാക്ടറി പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ കരിമ്പ് കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്മാറുകയായിരുന്നു. കരിമ്പില്‍ നിന്നും ഗുണമേന്മയുള്ള ശര്‍ക്കര ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്ന ഒരു പദ്ധതിക്ക് അനുമതി ലഭിച്ച സാഹചര്യത്തിലാണ് കരിമ്പ് കൃഷി മടക്കി കൊണ്ടുവരാന്‍ കര്‍ഷകര്‍ക്ക് ആവേശമായിട്ടുള്ളത്. കാര്‍ഷിക സര്‍വകലാശാല പദ്ധതി നടത്തിപ്പിന് 20 ലക്ഷം രൂപാ ചിലവിടാന്‍ തയ്യാറായതോടെ കര്‍ഷകരില്‍ പ്രതീക്ഷയും ഉണര്‍ത്തി.കൃഷി വിജ്ഞാനം കോട്ടയം ജില്ലാ മേധാവി ഡോ. ജി ജയലക്ഷ്മി കാര്‍ഷിക സര്‍വകലാശാലയിലൂടെ രൂപപ്പെടുത്തിയ പദ്ധതിക്കാണ് തുക അനുവദിച്ചിട്ടുള്ളത്.കരിമ്പ് ആട്ടിയെടുത്ത് ശര്‍ക്കര ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ക്കാണ് ഈ തുക. പദ്ധതി വിജയിക്കണമെങ്കില്‍ കരിമ്പ് കൃഷി പ്രോല്‍സാഹിപ്പിക്കുകയും പഴയതുപോലെ വ്യാപിപ്പിക്കുകയും വേണമെന്ന നിരിച്ചറിവോടെ കഴിഞ്ഞ ദിവസം കുറ്റൂരില്‍ മധ്യ തിരുവിതാംകൂര്‍ കരിമ്പ് വികസന സമിതിയുടെയും, കല്ലുങ്കല്‍ കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ നടത്തി. പദ്ധതിക്ക് തുക അനുവദിച്ച സാഹചര്യത്തില്‍ പ്ലാന്റ് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുക, കരിമ്പ് കൃഷി വ്യാപിപ്പിക്കുക എന്നീ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറിയുടെ വിശാലമായ ഭൂമി ഇതിനായി ഉപകരിക്കാമെന്നും, അല്ലാത്തപക്ഷം സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി തല്‍ക്കാലം തരപ്പെടുത്താമെന്നുമുള്ള ആശയങ്ങളാണ് ചര്‍ച്ചയില്‍ വന്നത്.കല്ലുങ്കല്‍ കരിമ്പ് ഗവേഷണ കേന്ദ്രത്തില്‍ നിന്നും മേന്മയേറിയ കരിമ്പിനങ്ങള്‍ ലഭ്യമാക്കാമെന്ന പ്രതീക്ഷയും യോഗം വിലയിരുത്തി.കരിമ്പ് വികസന സമിതിയുടെ പുതിയ ഭാരവാഹികളായി ജോ ഇലഞ്ഞിമൂട്ടില്‍  പ്രസിഡന്റ് ), വി.എന്‍.നൈനാന്‍ (വൈ. പ്രസി.), ജിസുരേഷ് (സെക്രട്ടറി), തോമസ് യോഹന്നാന്‍ (ഖജാഞ്ചി) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it