ernakulam local

കരിമ്പാനിവനത്തില്‍ പുലിയെ തുറന്ന് വിടുന്നതിനെതിരേ പ്രതിഷേധം



കോതമംഗലം: കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ഇല്ലിത്തോട് വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ പുലിയെ കരിമ്പാനിവനത്തില്‍ തുറന്ന് വിടാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരേ നാട്ടുകാര്‍. എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ പുലിയെ തുറന്ന് വിടാനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരേയാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നത്.  വനപാലകര്‍ കോടനാട് റെഫ്യൂജി സെന്ററില്‍ സൂക്ഷിച്ചിരുന്ന മൂന്നു വയസുള്ള പുലിയെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കരിമ്പാനി വനത്തിലെത്തിച്ചത്. പുലിയുടെ കഴുത്തില്‍ ചെറിയ ബെല്‍റ്റിട്ട് പ്രത്യേക ചിപ്പ് ഘടിപ്പിച്ച് കംപ്യൂട്ടര്‍ സംവിധാനത്തോടെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘമെത്തിയിരുന്നങ്കിലും ഇവരുടെ ശ്രമം വിജയിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ പുലിയെ നിരീക്ഷിക്കാന്‍ വനപാലകര്‍ക്ക് കഴിയില്ലന്നും ഇത് പ്രശ്‌നമാവുമെന്നുമാണ് ഇവിടെത്തുകാരുടെ പ്രതിഷേധത്തിനു കാരണം.രണ്ടാഴ്ചയോളമായി മലയാറ്റൂര്‍ ഇല്ലിത്തോട് പ്രദേശത്തെ ജനങ്ങളുടെ പേടിസ്വപ്‌നമായിരുന്ന പുള്ളിപുലി ഇനി ഭൂതത്താന്‍കെട്ട്, ഇടമലയാര്‍, വടാട്ടുപാറ നിവാസികള്‍ക്ക് ഭീഷണിയായി മാറുമെന്നാണ് നാട്ടുകാരുടെ പരാതി. ഇല്ലിത്തോട്ടിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിച്ച് ഭക്ഷിച്ചു ശീലിച്ച പുലി ഇവിടെങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി നാട്ടുകാര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുവാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.കരിമ്പാനിവനം ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വടാട്ടുപാറക്കാരുടെ പ്രധാന യാത്രാമാര്‍ഗമാണ് ഭൂതത്താന്‍കെട്ട്  ഇടമലയാര്‍ റോഡ്. ഇപ്പോള്‍ തന്നെ കാട്ടാന ശല്യം കൊണ്ട് ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇനി പുലിയെ കൂടി പേടിക്കേണ്ടി വരുമെന്ന ആശങ്കയാണ് പ്രദേശത്തെ ജനങ്ങള്‍ക്കുള്ളത്.രാജവെമ്പാലകള്‍ ജനങ്ങള്‍ക്ക് ഭീഷണിയായ പ്രദേശമാണ് വടാട്ടുപാറ, കുട്ടംമ്പുഴ ഗ്രാമങ്ങള്‍. എന്നാല്‍ നാട്ടിലെവിടെ നിന്ന് രാജവെമ്പാലകളെ പിടികൂടിയാലും ഈ പ്രദേശത്തെ വനങ്ങളിലാണ് കാലങ്ങളായി തുറന്നു വിടുന്നത്. ഇതിനു പുറമേ മറ്റ് പ്രദേശങ്ങളില്‍ നിന്നും പിടികൂടുന്ന പുലി ഉള്‍പ്പെടെയുള്ള വന്യജീവികളെ കൂടി ഇത്തരത്തില്‍ ഇവിടെയുള്ള വനത്തില്‍ തുറന്നു വിടുന്ന വനം വകുപ്പിന്റെ നടപടി ജന ദ്രോഹപരമാണന്നും ഇതിനെതിരേ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it