kozhikode local

കരിമ്പന തോട്, ഒവി തോട് മാലിന്യ പ്രശ്‌നം:തീരുമാനങ്ങള്‍ നടപ്പായില്ല

വടകര : മാലിന്യത്താല്‍ ഏറെ പ്രയാസമനുഭവിക്കുന്ന കരിമ്പന തോട്, ഒവി തോട് എന്നിവിടങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി വൈകുന്നു. കഴിഞ്ഞ ജൂലായ് 20ന് എംഎല്‍എ സികെ നാണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തോടുകളിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞ് മാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങള്‍ എങ്ങുമെത്തിയില്ല.കരിമ്പന തോടിലേക്ക് 61 ഓളം സ്ഥാപനങ്ങളും, ഒവി തോടിലേക്ക് 82 ഓളം സ്ഥാപനങ്ങളും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായാണ് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, നിശ്ചിത ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കാനുമാണ് ഒവി തോട്, കരിമ്പന തോട് മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താലൂക്ക് വികസന സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. കരിമ്പന തോടിന് സമീപത്ത് അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള ബാക്കിയുള്ള സര്‍വ്വെ നടപടി ചെയ്യാനായി തഹസില്‍ദാരെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ നടപടികളെല്ലാം ഇഴഞ്ഞു നീങ്ങുന്നതിനാല്‍ പരിസരവാസികള്‍ ഏറെ പ്രയാസത്തിലായിരിക്കുകയാണ്. ഒവി തോടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതും, വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതീര്‍ത്ത കുഞ്ഞിരാമന്‍ വക്കീല്‍ പാലത്തിന്റെ പ്രവൃത്തി നടക്കുമ്പോള്‍ കിടങ്ങ് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയതുമാണ് തോടിന്റെ ഒഴുക്ക് ശരിയായ രീതിയില്‍ നടക്കാതിരിക്കാനും കാരണമായത്. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഒവി തോടില്‍ മലിന ജലം കെട്ടിക്കിടക്കുന്നത്. ഇതില്‍ നഗരത്തിലെ സ്ഥാപനങ്ങളിലെയും മല്‍സ്യമാര്‍ക്കറ്റിലെയും മാലിന്യം വരുന്നതാണ് പ്രധാന കാരണമെന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഒവി തോടിന് സമീപത്തുള്ള പ്രദേശവാസികള്‍ ഒവി തോട് മുതല്‍ കുഞ്ഞിരാമന്‍ വക്കീല്‍ പാലം വരെയുള്ള ചെളി നീക്കം ചെയ്ത്, ഒവി തോടിന് ഇരുവശങ്ങളിലും കെട്ടി ഉയര്‍ത്തി സ്ലാബ് സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യത്തില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും മാലിന്യം ഒഴുക്കിവിടുന്നത് തടഞ്ഞില്ലെങ്കില്‍ ശാശ്വത പരിഹാരമുണ്ടാവില്ലെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചത്. ചെളിനീക്കുന്നതില്‍ സാങ്കേതി പ്രശ്‌നമുള്ളതിനാല്‍ പ്രശ്‌നം പഠിക്കാനായി സമിതിയെയും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ സമിതി ചെളി നീക്കുന്നത് സംബന്ധിച്ച് പഠിച്ച ശേഷം ഒരു മാസം കൊണ്ട് റിപോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. ഈ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പ്രശ്‌നം അജണ്ടയായി കൗണ്‍സില്‍ വച്ച് ബാക്കിയുള്ള തീരുമാനമെടുക്കാനും ഇതിന്റെ ഭാഗമായി തന്നെ മാലിന്യം ഒഴുക്കിവിടുന്നതായി തെളിഞ്ഞ സ്ഥാപന ഉടമകളുടെ യോഗം ചേരാനും, ആവശ്യമെങ്കില്‍ ജില്ലാ ദുരന്ത നിവാരണ സേനയെ സമീപിക്കാനും അന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ തീരുമാനിച്ചവ ഒന്നും തന്നെ നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ടൗണിലെ വന്‍കിട സ്ഥാപനങ്ങളിലേതടക്കമുള്ള മാലിന്യങ്ങളാണ് ഇൗ തോടുകളിലേക്ക് ഒഴുകി എത്തുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് മാലിന്യം ഒഴുക്കി വിടുന്നത് നിര്‍ത്തലാക്കാന്‍ ജനപ്രതിനിധികളടക്കം മുന്നിട്ടിറങ്ങണം. എങ്കില്‍ മാത്രമെ മാലിന്യം നിറയുന്നതിന് പരിഹാരണം കാണാനാവൂ. എന്നാല്‍ ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങുമെങ്കിലും ജനപ്രതിനിധികള്‍ സഹകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് നടപടികള്‍ വൈകുന്നതെന്നും ആരോപണമുണ്ട്. അതേസമയം മാലിന്യം നീക്കം ചെയ്യുന്നത് നീണ്ടതോടെ ദുരിതാവസ്ഥയേറിയതായി സമീപവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഒവി തോടിലേക്ക് പോകുന്ന ഡ്രൈനേജ് നിറഞ്ഞ് ചില വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.


Next Story

RELATED STORIES

Share it