palakkad local

കരിമ്പനക്കടവ് ബസ് സ്റ്റോപ്പ് പരിസരം മദ്യപാനികളുടെ താവളമായി



ആനക്കര: തൃത്താല വികെ കടവ് റോഡില്‍ കരിമ്പനകടവ് ബസ് സ്‌റ്റോപ്പ് പരിസരം മദ്യപാനികളുടെ താവളമായി മാറുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി പൊതുസ്ഥലത്തു വച്ച് തന്നെ കുടിച്ച് കുപ്പികള്‍ നെല്‍ കൃഷിക്കായി ഉപയോഗിക്കുന്ന കനാലിലും റോഡരികിലും ഉപേക്ഷിക്കുകയാണ്. കൂടാതെ സമീപത്തെ വീട്ടുപറമ്പുകളിലും മദ്യകുപ്പികള്‍ വലിച്ചെറിയുന്നതായും പരാ തിയുണ്ട്. കനാലിലൂടെ ഒഴുകി കൃഷിസ്ഥലത്തെത്തുന്ന മദ്യക്കുപ്പികള്‍ ദിവസേന നീക്കം ചെയ്യേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കരിമ്പനക്കടവില്‍  ബീവറേജസ് കോര്‍പറേഷന്റെ മദ്യ വില്‍പനശാലയ്‌ക്കെതിരെ  ആരംഭത്തില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. കൊപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് കരിമ്പനക്കടവിലേക്ക് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് മാറ്റിയത്. ഗ്രാമപ്പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ കൊടുത്ത് താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് അനുമതി നേടുകയായിരുന്നു. പട്ടാമ്പി താലൂക്കിലെ ഏക വിദേശമദ്യ വില്‍പനശാല ആയതിനാല്‍ നിത്യവും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. മദ്യപിച്ചു അലഞ്ഞുതിരിയുന്നവര്‍ പ്രദേശവാസികളുടെ പ്രത്യേകിച്ചു സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് ഭീഷണിയായിരിക്കുകയാണ്. സ്‌കൂളില്‍ നിന്നും വരുന്ന കുട്ടികളെയും കാത്ത്  മദ്യപരെ പേടിച്ച് ബസ് സ്‌റ്റോപ്പില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് മാതാപിതാക്കള്‍. ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും ഉയര്‍ത്തുന്ന മാലിന്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് പരാതി കൊടുത്തിരുന്നതായും  നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it