Pathanamthitta local

കരിമാന്‍തോട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ ആക്രമണം

തണ്ണിത്തോട്: തണ്ണിത്തോട് - കരിമാന്‍തോട്ടില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കരിമാന്‍തോട് - തൃശൂര്‍, കരിമാന്‍തോട് - പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ചില്ലുകളാണ് എറിഞ്ഞു തകര്‍ത്തത്. കരിമാന്‍തോട്ടില്‍ യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ കരിമാന്‍തോട് ജങ്ഷനിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. കെഎസ്ആര്‍ടിസിക്ക് ഇവിടെ പ്രത്യേക സൗകര്യങ്ങള്‍ നിലവിലില്ല. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകള്‍ക്കുള്ളിലാണ് ജീവനക്കാര്‍ കഴിഞ്ഞിരുന്നത്. കല്ലേറിന്റെ ശബ്ദം കേട്ട് ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ ഇവരെ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് കരിമാന്‍തോട്- തിരുവനന്തപുരം ബസിനുനേരെയും ആക്രമണമുണ്ടായിരുന്നു. ബസുകള്‍ക്കു നേരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ സ്വകാര്യ സര്‍വീസുകളാണന്നാണ് ആരോപണം. വനാന്തര ഗ്രാമമായ കരിമാന്‍തോട്ടില്‍ നിന്നും കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ക്ക് മെച്ചപ്പെട്ട വരുമാനമാണ് ലഭിക്കുന്നത്. ഗ്രാമത്തില്‍ നിന്ന് വിദൂര പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഏറെ സഹായകമായിരുന്നു. ബസുകള്‍ക്ക് നേരെ അടിക്കടി  ഉണ്ടാകുന്ന ആക്രമണങ്ങള്‍ സര്‍വീസുകളെ പ്രതികൂലമായാണ് ബാധിക്കുക. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കരിമാന്‍തോട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സ്‌റ്റേ ബസുകള്‍ അയയ്ക്കുന്നതു സംബന്ധിച്ചും കെഎസ്ആര്‍ടിസിയില്‍ തീരുമാനമായിട്ടില്ല. ആക്രമണങ്ങളുണ്ടായാല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് ഇതുകൊണ്ട് പ്രയോജനമുണ്ടാകുന്നതെന്നും ഇവരാണ് സംഭവത്തിനു പിന്നിലെന്നും ആരോപണമുണ്ട്. മദ്യപസംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും വലിയൊരു താവളമാണ് കരിമാന്‍തോടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ബസ് ആക്രമിച്ച പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്.
Next Story

RELATED STORIES

Share it