കരിമരുന്ന്പുരയ്ക്ക് തീ പിടിച്ച് 13 പേര്‍ക്ക് പൊള്ളലേറ്റു

ചിറ്റൂര്‍: വണ്ടിത്താവളം അലയാറില്‍ മാരിയമ്മന്‍ പൂജയ്ക്കിടെ കരിമരുന്ന് പുരയ്ക്ക് തീ പിടിച്ച് പടക്കം പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളുടമക്കം 13 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടു കുട്ടികളുടെ നില ഗുരുതരം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. വണ്ടിത്താവളം അലയാറില്‍ ഉച്ചി മാഹാളിയമ്മന്‍ ക്ഷേത്രത്തിലെ മാരിയമ്മന്‍ പൂജയ്ക്കിടെയാണ് അപകടം ഉണ്ടായത്. അലയാര്‍ സ്വദേശികളായ നാരായണന്‍കുട്ടി (32), അനീഷ് (29), കൃഷണന്‍ (54), ഷണ്‍മുഖന്‍ (55), പൊന്നു കാശി (52), ചെല്ലന്‍ (68), വിനു (29), രാജേഷ് (35), ബിന്ദു (13), പ്രണവന്‍ (23), ഷിജു, കവിന്‍ (7), ശ്രേയസ്സ് (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ കവിനിനെ തൃശൂരില്‍ നിന്നും വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മാരിയമ്മന്‍ പൂജയുടെ പ്രധാന വഴിപാടായ കതിന നിറയ്ക്കുന്നതിനായി കരുതിയ കരിമരുന്ന് പുരയ്ക്ക് തീ പടര്‍ന്നാണ് അപകടം നടന്നത്. ഉച്ചപൂജയോടനുബന്ധിച്ച് ഓലപ്പടക്കം പൊട്ടിച്ചിരുന്നു. ഇതില്‍ നിന്നും തെറിച്ച തീ നാളം കതിന നിറയ്ക്കുന്നതിനായി സൂക്ഷിച്ചു വച്ച കരിമരുന്നിലേക്ക് പടരുകയായിരുന്നു. ഇതിനു സമീപത്ത് വാദ്യമേളങ്ങള്‍ ആസ്വദിച്ച് നിന്നവരുടെ ദേഹത്തേക്കാണ് തീ പടര്‍ന്നത്. ഉടനെ നാട്ടുകാരും അഗ്‌നിശമനസേനയും പോലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പൊള്ളലേറ്റവരെ താലൂക്കാശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, ചിറ്റൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.  ഉടനെ സംഭവസ്ഥലത്തു നിന്നും സ്ത്രീകളെയും കുട്ടികളെയും മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്.
ആര്‍ഡിഒ കാവേരി കുട്ടി, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ സുഷമ, ചിറ്റൂര്‍ തഹസില്‍ദാര്‍ വി കെ രമ, മലപ്പുറം എസ്പി ധര്‍ബേഷ് കുമാര്‍ ബെഹ്‌റ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സൈതലവി, പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, സിദ്ദീഖ്, ചിറ്റൂര്‍ സിഐ വി ഹംസ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി.
കരിമരുന്ന് സൂക്ഷിക്കുന്നതിന് അനുമതിയുണ്ടോയെന്ന കാര്യം പരിശോധിച്ച്  നടപടി സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it