Idukki local

കരിമണ്ണൂര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല: രോഗികള്‍ ദുരിതത്തില്‍

കരിമണ്ണൂര്‍: നൂറ് കണക്കിനാളുകള്‍ ദിവസേന ചികിത്സയ്ക്ക് എത്തുന്ന കരിമണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. കരിമണ്ണൂര്‍ , ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലേയും സമീപ പഞ്ചായത്തുകളിലേയും നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.അഞ്ച് ഡോക്ടര്‍മാര്‍ ആവശ്യമുള്ള ഈ ആസ്പത്രിയില്‍ കേവലം ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ ഈ ഡോക്ടര്‍ അവധിയെടുക്കുകയോ മീറ്റങ്ങുകള്‍ക്ക്  പോവുകയോ ചെയ്താല്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്ത അവസ്ഥയാണ്. പിഞ്ചുകുട്ടികളുമായി എത്തുന്ന നൂറ് കണക്കിനാളുകളും വയോവൃദ്ധരും ചികിത്സ കിട്ടാതെ വെറു കൈയ്യോടെ മടങ്ങുകയാണ്.ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ തട്ടക്കുഴയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററിലും എല്ലാ ദിവസവും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികളും കരിമണ്ണൂര്‍ ഗവണ്‍മെന്റ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.അത്യാവശ്യ ചികില്‍സ തേടി എത്തുന്ന രോഗികള്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ താണ്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനേക്കുറിച്ച് നിരവധി തവണ പഞ്ചായത്ത് ഭരണ സമിതിയും പൗരസമിതി പ്രവര്‍ത്തകരും അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അധികൃതര്‍ ഇതുവരേയും കണ്ണുതുറന്നിട്ടില്ല. സര്‍ക്കാര്‍ ആസ്പത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാതയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it