കരിപ്പൂര്‍ വെടിവയ്പ്: രണ്ടു വര്‍ഷമായിട്ടും വിചാരണ തുടങ്ങിയില്ല

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള വെടിവയ്പ് സംഭവത്തിന്് രണ്ടുവര്‍ഷമാവുമ്പോഴും കേസിന്റെ വിചാരണ തുടങ്ങിയില്ല. 2016 ജൂണ്‍ 9ന് രാത്രിയാണ് കേന്ദ്ര സുരക്ഷ സേനയും അഗ്നിശമന സേനയും തമ്മിലുണ്ടായ കൈയാങ്കളി വെടിവയ്പില്‍ കലാശിച്ചത്.
സംഭവത്തില്‍ സിഐഎസ്എഫ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നു വെടിയേറ്റ് സിഐഎസ്എഫ് ജവാന്‍ എസ് എസ് യാദവ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ വ്യാപക അക്രമസംഭവങ്ങളും മണിക്കൂറുകളോളം സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷവും വെടിവച്ച സിഐഎസ്എഫ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരി ഒരുവര്‍ഷത്തിലേറെ കരിപ്പൂരില്‍ ജോലി ചെയ്തിരുന്നു. അഗ്നിരക്ഷാ സേനയിലെ സൂപ്പര്‍വൈസര്‍ അജികുമാറിനെ കാര്‍ഗോ ഗേറ്റില്‍ സിഐഎസ്എഫ് എസ്‌ഐ സീതാറാം ചൗധരി ദേഹപരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവയ്പിലും കലാശിച്ചത്. സംഘര്‍ഷമുണ്ടാവുന്നതിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് യാദവിന് വെടിയേറ്റതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
എസ് എസ് യാദവിന്റെ തലയില്‍ നിന്നു കണ്ടെടുത്ത ഒരു വെടിയുണ്ട സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സീതാറാം ചൗധരി മൂന്നു തവണ വെടിവച്ചതായാണ് പോലിസ് അന്വേഷണത്തില്‍ ആദ്യം കണ്ടെത്തിയത്. ചൗധരിയുടെ പിസ്റ്റളും എസ് എസ് യാദവിന്റെ ഇന്‍സാസ് റൈഫിളും ഇവയില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളടങ്ങിയ മാഗസിനുകളും സിഐഎസ്എഫ് പോലിസിന് അന്വേഷണത്തിന്റെ ഭാഗമായി കൈമാറിയിരുന്നു. എന്നാല്‍ മറ്റു രണ്ടു വെടിയുണ്ടകളുടെ കാര്യത്തില്‍ അവ്യക്തയായിരുന്നു.
തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് കൊച്ചിയിലെത്തിച്ച് പരിശോധിച്ചെങ്കിലും പിസ്റ്റളില്‍ നിന്ന് എത്ര റൗണ്ട് വെടി പൊട്ടിയെന്ന് വ്യക്തമായ ഫലം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലിസ് കോടതിയില്‍ ഒരു വര്‍ഷം മുമ്പാണ് കേസ് ഡയറി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it