കരിപ്പൂര്‍ വിമാനത്താവളം:26ന് സിപിഎം മാര്‍ച്ച്

കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തിയ നടപടിക്കെതിരേ 26ന് സിപിഎം നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടക്കും. രാവിലെ 10ന് കരിപ്പൂര്‍ വിമാനത്താവള ജങ്ഷന്‍ കേന്ദ്രീകരിച്ച് നടക്കുന്ന മാര്‍ച്ച് നിയുക്ത രാജ്യസഭാംഗവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം ഉദ്ഘാടനം ചെയ്യും. സിപിഎം കോഴിക്കോട്- മലപ്പുറം ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് മാര്‍ച്ച്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലവാരം കാറ്റഗറി 7 ആയാണ് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കുറച്ചത്. വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ ഗള്‍ഫ് മേഖലയുമായുള്ള ബന്ധത്തെയും വികസനസാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയുടെ ഭാഗമാണ് വലിയ വിമാനങ്ങള്‍ക്കുള്ള സര്‍വീസിന് അനുമതി നിഷേധിക്കുന്ന തരത്തിലുള്ള തരംതാഴ്ത്തല്‍. നേരത്തെ കാറ്റഗറി 9 ലായിരുന്ന വിമാനത്താവളത്തിന്റെ സ്ഥാനം ഏഴായി കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അറിവോടെയാണെന്ന കാര്യത്തില്‍ സംശയമില്ല. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് തെറ്റായ റിപോര്‍ട്ട് എഴുതിവാങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടി അടിച്ചേല്‍പ്പിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ തന്നെ ഏറ്റവും സാധാരണക്കാരായ ആളുകള്‍ യാത്രചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂര്‍. കേരളത്തിന്റെയും വിശിഷ്യാ വടക്കന്‍ കേരളത്തിന്റെയും സാമ്പത്തിക സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ ഗള്‍ഫ് കുടിയേറ്റ തൊഴിലാളികളും ബിസിനസുകാരുമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ പ്രധാനമായും ആശ്രയിക്കുന്നത്. കരിപ്പൂരിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവനാളുകളും എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന്് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്  പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it