കരിപ്പൂര്‍ വിമാനത്താവളം: താല്‍ക്കാലിക ജീവനക്കാര്‍നിരീക്ഷണത്തില്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാര്‍ നിരീക്ഷണത്തില്‍. സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി കരാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ്, കേന്ദ്ര സുരക്ഷാസേന, ഡിആര്‍ഐ സംഘങ്ങള്‍ നിരീക്ഷണം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി താല്‍ക്കാലിക ജീവനക്കാര്‍ ജോലിസമയങ്ങളില്‍ മൊബൈല്‍ വിമാനത്താവളത്തിനകത്തേക്ക് കൊണ്ടുപോവുന്നതിന് വിലക്കേര്‍പ്പെടുത്തി. തൊഴിലാളികളെ പ്രത്യേകം പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിലെ ചരക്ക് കയറ്റിറക്ക തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, റണ്‍വേ ഏപ്രണിലെയും മറ്റും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, കണ്‍വെയര്‍ബെല്‍റ്റ് ഓപറേറ്റര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ കരാര്‍ തൊഴിലാളികളാണുള്ളത്. വിവിധ കരാര്‍ കമ്പനികള്‍ക്ക് കീഴിലാണ് കൂടുതല്‍ തൊഴിലാളികളും ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ലഗേജ് കയറ്റിറക്കു തൊഴിലാളിയെ ഡിആര്‍ഐ സംഘം പിടികൂടിയിരുന്നു. മൂന്ന്, ആറ് മാസങ്ങളില്‍ പുതുക്കിനല്‍കുന്ന പാസുകളാണ് തൊഴിലാളികള്‍ക്ക് വിമാനത്താവളത്തില്‍ ജോലിചെയ്യാ ന്‍ നല്‍കുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ വിമാനത്തിലും വിമാനത്താവള ടോയ്‌ലറ്റിലും മറ്റും ഒളിപ്പിക്കുന്ന സ്വര്‍ണം തൊഴിലാളികള്‍ വഴി പുറത്തുകടത്തുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. മൊബൈല്‍ നിയന്ത്രണം കര്‍ശനമാക്കാനാണു തീരുമാനം.
Next Story

RELATED STORIES

Share it