malappuram local

കരിപ്പൂര്‍ വിമാനത്താവളം: എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ സര്‍വീസ് മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വെ നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി പിന്‍വലിച്ച എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ വിമാന സര്‍വീസ് മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കും. കൊച്ചിയില്‍ നിന്ന് വൈകുന്നേരം 5.10 ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ എഐ-963 വിമാനം 6 മണിയോടെ കരിപ്പൂരിലെത്തി 7.40ന് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് പറക്കും. വിമാന സമയ ഷെഡ്യൂള്‍ പ്രഖ്യാപിച്ച എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങി. ചൊവ്വ, വെളളി ഒഴികെയുളള ദിവസങ്ങളില്‍ സര്‍വീസുണ്ടാവും. കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ സര്‍വീസ് ആരംഭിക്കുന്നുണ്ടെങ്കിലും ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടില്ല. റണ്‍വെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനിടയിലാണ് എയര്‍ ഇന്ത്യയുടെ ജെമ്പോ വിമാനം സര്‍വീസ് ആരംഭിക്കുന്നത്. റണ്‍വെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ചെറിയ വിമാനങ്ങള്‍ക്കാണ് നിലവില്‍ കരിപ്പൂരില്‍ അനുമതിയുളളത്.
വിമാന ലാന്റിങ് സ്ഥലമടക്കം നവീകരിക്കുന്നതിനാല്‍ വലിയ വിമാനങ്ങളുടെ ലാന്റിങ് നിര്‍ത്തലാക്കുകയായിരുന്നു. എന്നാല്‍, വിമാനങ്ങള്‍ ഭാരം കുറച്ച് റണ്‍വെയില്‍ ഇറക്കുന്നതിന് പ്രശ്‌നങ്ങളുമില്ല. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് കാലിയായി കരിപ്പൂരില്‍ പറന്നെത്തി യാത്രക്കാരുമായി ജിദ്ദയിലേക്ക് പുറപ്പെടാന്‍ തയ്യാറാവുന്നത്. എയര്‍ ഇന്ത്യയുടെ രീതിയില്‍ നിര്‍ത്തലാക്കിയ മറ്റുവിമാനങ്ങളും ഇത്തരത്തില്‍ സര്‍വീസ് പുനരാലോചിക്കുന്നുണ്ട്. വേനലവധിക്ക് നാട്ടില്‍ സ്‌കുളുകള്‍ അടക്കുന്നതും, ഉംറ തീര്‍ത്ഥാടകരുടെ തിരക്കും മുന്‍ നിര്‍്ത്തിയുളള കൊയ്ത്തിനാണ് കരിപ്പൂര്‍-ജിദ്ദ സെക്ടര്‍ എയര്‍ ഇന്ത്യ തുറക്കുന്നത്.ഏപ്രില്‍ മുതല്‍ സീസണ്‍ സമയമായതിനാല്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രക്കാര്‍ വര്‍ധിക്കും. ഇതു മുന്‍ നിര്‍ത്തി വിമാന ടിക്കറ്റ് നിരക്ക് വിമാനക്കമ്പനി കുത്തനെ വര്‍ധിപ്പിക്കുകയാണ്. പുതുതായി ആരംഭിക്കുന്ന കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ 24,000 രൂപയാണ് ഈടാക്കുന്നത്. ഇത് ക്രമാതീതമായി ഉയരും. സൗദിയിലേക്ക് നിലവില്‍ ദമാമിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ എകസ് പ്രസിന്റെ സര്‍വീസുളളത്.
കഴിഞ്ഞ മെയ് ഒന്നുമുതലാണ് റണ്‍വെ നവീകരണത്തിന്റെ ഭാഗമായി കരിപ്പൂരില്‍ ജെമ്പോ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. ഇതോടെ ജിദ്ദ, റിയാദ് മേഖലകളിലേക്കുളള എയര്‍ ഇന്ത്യയുടെയും ദുബൈയിലേക്കുളള എമിറേറ്റ്‌സ് എയറിന്റെയും വിമാനങ്ങള്‍ പിന്‍വലിച്ച് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കരിപ്പൂരില്‍ റണ്‍വെ നവീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്.
Next Story

RELATED STORIES

Share it