കരിപ്പൂര്‍: ഭൂമി വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന്

മലപ്പുറം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായെന്നവിധത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്‌സ്, മലബാര്‍ ഡെവലപ്‌മെന്റ് ഫോറം തുടങ്ങി ചില ധനാഢ്യരുടെയും സംഘടനകളുടെയും താല്‍പര്യത്തിനു വേണ്ടി പാവപ്പെട്ടവരെ ബലിയാടാക്കുകയാണു ചെയ്തത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രദേശത്തെ ജനങ്ങളുടെ ആശങ്കയാണ് അറിയിച്ചത്. ഏറ്റെടുക്കാന്‍ പോവുന്ന സ്ഥലത്തിന്റെ സ്‌കെച്ച് ലഭ്യമാക്കണമെന്നും 12 തവണ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ടേബിള്‍ടോപ്പ് റണ്‍വേയുള്ള കരിപ്പൂരില്‍ ഏറ്റെടുക്കാന്‍ പോവുന്ന ഭൂമി 75 മുതല്‍ 150 മീറ്റര്‍ വരെ താഴ്ചയിലാണ്. ഇത് നികത്താന്‍ സമീപത്തെ കുന്നുകള്‍ ഇടിക്കേണ്ടിവരും. ഇത് കടുത്ത പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കിടയാക്കും. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്‌കെച്ചും വിശദാംശങ്ങളും ലഭ്യമാക്കാന്‍ എം സി മോഹന്‍ദാസിനെ ചുമതലപ്പെടുത്തിയിരുന്നതാണ്.
ജനങ്ങളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്നാണ് മന്ത്രിമാരായ കെ ബാബുവും കുഞ്ഞാലിക്കുട്ടിയുമെല്ലാം പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനു വിപരീതമായി സ്ഥലം വിട്ടുനല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറാണെന്ന തരത്തിലാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റീകാര്‍പറ്റിങ് പൂര്‍ത്തീകരിച്ച് പൂര്‍വസ്ഥിതിയിലാക്കണമെന്നും വരാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളവും കരിപ്പൂരും തമ്മില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍കൊണ്ട് ബന്ധിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ സി മുഹമ്മദലി എന്ന ചുക്കാന്‍ ബിച്ചു, കണ്‍വീനര്‍ സി ജാസിര്‍, ഖജാഞ്ചി കെ കെ മൂസക്കുട്ടി, അബ്ദുറഹിമാന്‍ എന്ന പാറപ്പുറം ഇണ്ണി, പുതിയകത്ത് മുസ്തഫ പങ്കെടുത്തു.
Next Story

RELATED STORIES

Share it