കരിപ്പൂര്‍: പ്രശ്‌നപരിഹാരത്തിന് കൂട്ടായപരിശ്രമം വേണമെന്ന് കേന്ദ്രമന്ത്രി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രി പി അശോക് ഗജപതി രാജു പറഞ്ഞു.കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്റെ പ്രശ്‌നങ്ങള്‍ സന്ദര്‍ശനത്തില്‍ നേരിട്ട് ബോധ്യമായതാണ്. അവ പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കും. വ്യോമയാന വകുപ്പിന്റെ ഭാഗത്തുളള പ്രശ്‌നങ്ങളും പോരായ്മകളും പരിഹരിക്കാന്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന് കഴിയുകയുളളൂ. വിമാനത്താവളം സ്ഥിതി ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്ഥലത്തായതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കണം. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രിയായ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 65 ലക്ഷം മുടക്കി കാന്‍സര്‍ സെന്ററും വയോജന കേന്ദ്രവും തുടങ്ങാനുളള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. —ഇതിന്റെ ആദ്യഗഡു ചടങ്ങില്‍ മന്ത്രി കൈമാറി.
കരിപ്പൂരില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വീസും ജിദ്ദാ സര്‍വീസും പുനരാരംഭിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച കെ രാഘവന്‍ എംപി അഭ്യര്‍ഥിച്ചു. നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇതുസംബന്ധിച്ച് നിവേദനവും കൈമാറി.എംപിമാരായ ഇ അഹമ്മദ്, പി വി അബ്ദുല്‍ വഹാബ്, എംഎല്‍ കെ മുഹമ്മദുണ്ണി ഹാജി, എയര്‍പോര്‍ട്ട് അതോറിറ്റി സതേണ്‍ റീജ്യനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദീപക് ശാസ്ത്രി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ജനാര്‍ധനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it