malappuram local

കരിപ്പൂര്‍ പുതിയ ടെര്‍മിനല്‍ അടുത്ത മാസം തുറക്കും

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെര്‍മിനല്‍ ജൂണില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. വിമാനത്താവളത്തിനു കിഴക്കു ഭാഗത്ത് നിവലിലെ ടെര്‍മിനലിനോടു ചേര്‍ത്താണു രാജ്യത്തെ മികച്ച ടെര്‍മിനല്‍ കരിപ്പൂരിലൊരുക്കുന്നത്. വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായുളള ടെര്‍മിനല്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്.
രണ്ട് നിലയായി 120 കോടി ചിലവില്‍ ഹരിത ടെര്‍മിനലായാണു നിര്‍മാണം. രാജ്യത്തെ ഏറ്റവും നീളം കൂടിയ ടെര്‍മിനലെന്ന ഖ്യാതി ഇതോടെ കരിപ്പൂരിനായിരിക്കും. നിലവിലെ അന്താരാഷ്്ട്ര ടെര്‍മിനല്‍ ആഭ്യന്തര ടെര്‍മിനലിന്റെയും പുതിയ ടെര്‍മിനലിന്റെയും ഭാഗമാക്കി സൗകര്യം വര്‍ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാവും. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ടെര്‍മിനലില്‍ 20 കസ്റ്റംസ് കൗണ്ടറുകള്‍, എമിഗ്രേഷന്‍ കൗണ്ടറുകള്‍, ഇന്‍ലൈന്‍ ബാഗേജ് സംവിധാനം എസ്‌കലേറ്ററുകള്‍, എയറോ ബ്രിഡ്ജുകള്‍ തുടങ്ങിയവ ഒരുക്കും. ആയിരത്തിലേറെ പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. കരിപ്പൂരില്‍ നിലവിലുള്ള ടെര്‍മിനലില്‍ കൂടുതല്‍ യാത്രക്കാര്‍ക്കുള്ള സൗകര്യമില്ല.
ആയതിനാല്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ടെര്‍മിനലില്‍ ഇരിക്കാന്‍ പോലും കഴിയാതെ യാത്രക്കാര്‍ വലയുകയാണ്. 1500 പേര്‍ക്ക് ഓരേ സമയം പ്രയോജനപ്പെടുത്താന്‍ ടെര്‍മിനലില്‍ കഴിയും.  പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടൊപ്പം നിലവിലെ ടെര്‍മിനല്‍ നവീകരിക്കുന്ന പ്രവൃത്തികളും നടന്നുവരുന്നുണ്ട്.
കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്നായതോടെ കൂടുതല്‍ വിമാനങ്ങള്‍ പുതിയ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് സര്‍വീസിനായി എത്തുന്നുണ്ട്. ഇതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിക്കും. അടുത്ത മാസം ഗള്‍ഫ് എയര്‍ വിമാനം പുതിയ സര്‍വീസ് ആരംഭിക്കും. ജൂലൈ മാസത്തില്‍ സൗദി എയര്‍ലൈന്‍സിനും സാധ്യതയേറെയാണ്. ഇതിനു മുമ്പായി ടെര്‍മിനല്‍ തുറക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം.
Next Story

RELATED STORIES

Share it