കരിപ്പൂര്‍-ജിദ്ദ സര്‍വീസിന് പഠനം നടത്താന്‍ 15ന് വിദഗ്ധരെത്തും

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള സര്‍വീസിന് സാധ്യതാ പഠനം നടത്തുന്നതിന് എയര്‍ ഇന്ത്യ സംഘം 15ന് കരിപ്പൂരിലെത്തും. മുംബൈയില്‍ നിന്ന് ഓപറേഷന്‍, ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് കരിപ്പൂരിലെത്തുന്നത്.
കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് എയര്‍ഇന്ത്യ കോഴിക്കോട് മാനേജര്‍ വിമാനത്താവള ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് ബി 747-400 ഉപയോഗിച്ച് സാധ്യതാപഠനം നടത്തുന്നത്. 15ന് കരിപ്പൂരിലെത്തുന്ന വിദഗ്ധ സംഘം ഈ മാസാവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റിപോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ സമര്‍പ്പിക്കുകയും നവംബര്‍ മധ്യത്തോടെ അനുമതിക്കായി ഡിജിസിഎക്ക് സമര്‍പ്പിക്കുകയും ചെയ്യും.അതേസമയം, കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ ജിദ്ദയിലേക്ക് അനുമതി തേടുന്നത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നല്‍കാത്ത ജംബോ വിമാനത്തിന്. കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിന് ശേഷം ഡിജിസിഎ നടത്തിയ പരിശോധനയില്‍ ജംബോ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഇടത്തരം വിമാനങ്ങള്‍ക്കാണ് സര്‍വീസിന് അനുമതി നല്‍കിയത്. ഇതനുസരിച്ചാണ് സൗദി എയര്‍ലെന്‍സ് അനുമതി നേടിയെടുത്തത്. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത ജംബോ ജെറ്റ് വിമാനമായ ബി 747-400 ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് വേണ്ടിയുള്ള റിപോര്‍ട്ട് തയ്യാറാക്കുന്നതിനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it